KOYILANDY DIARY

The Perfect News Portal

മുടിയ്ക്കു ദുര്‍ഗന്ധമോ, പരിഹാരവുമുണ്ട്

ചൂടുകാലത്ത് ശരീരത്തില്‍ മാത്രമല്ല, മുടിയിലും ദുര്‍ഗന്ധമുണ്ടാകാം. ശിരോചര്‍മം വിയര്‍ക്കുന്നതാണ് കാരണം. ചൂടുകാലത്തു മാത്രമല്ല, നനഞ്ഞ മുടി കെട്ടിവച്ചാലും മുടി നല്ല രീതിയില്‍ സംരക്ഷിയ്ക്കാതിരുന്നാലുമെല്ലാം ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. മുടിയുടെ ദുര്‍ഗന്ധം നീക്കുന്നതിനും സുഗന്ധം നല്‍കുന്നതിനുമുള്ള ചില വഴികളെക്കുറിച്ചറിയൂ,

മുടിയുടെ ദുര്‍ഗന്ധമകറ്റാനുളള ഏറ്റവും പ്രധാനമാര്‍ഗം ദിവസവും വൃത്തിയായി തല കഴുകുക എന്നതാണ്. മുടി കൂടുതലുള്ളവരില്‍ ദുര്‍ഗന്ധമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ദിവസവും കഴുകാന്‍ സാധിച്ചില്ലെങ്കിലും ഇടവിട്ടുള്ള ദിവസമെങ്കിലും തല കഴുകുക.

വീര്യം കുറഞ്ഞ ഷാംപൂവും നല്ല മണമുള്ള കണ്ടീഷണറും ഉപയോഗിക്കുക. സാധാരണ കണ്ടീഷണറുകള്‍ക്ക് നല്ല മണമുണ്ടാകും. ഫലവര്‍ഗങ്ങളുടെ മണമുള്ള കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ കാലം മണം നിലനില്‍ക്കും.

Advertisements

മുടിയില്‍ മണമുളള വെളളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്. മുല്ലപ്പൂ, റോസ് തുടങ്ങിയവയുടെ മണമുള്ള വെളിച്ചെണ്ണകള്‍ ലഭ്യമാണ്. ദിവസവും ഷാംപൂ തേക്കുന്ന സ്വഭാവമുള്ളവരാണെങ്കില്‍ വീര്യം കുറഞ്ഞ ബേബി ഷാംപൂ പോലുള്ളവ ഉപയോഗിക്കാം. വെളിച്ചെണ്ണയില്‍ അല്‍പം കര്‍പൂരമിട്ടാല്‍ തലയ്ക്ക് തണുപ്പു കിട്ടുകയും നല്ല മണമുണ്ടാവുകയും ചെയ്യും.

ചൂടുള്ള സമയത്ത് മുടി വിയര്‍ത്ത് ദുര്‍ഗന്ധമുണ്ടാകാനുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കനമുളള മുടിയുള്ളവരില്‍. അശ്വഗന്ധ, നെല്ലിക്ക, മയിലാഞ്ചി തുടങ്ങിയവ അടങ്ങിയ ആയുര്‍വേദ എണ്ണകള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാണ്. ഇവ തലയ്ക്ക് തണുപ്പു നല്‍കി മുടി വിയര്‍ക്കുന്നത് കുറയ്ക്കുകയും മുടിക്ക് സുഗന്ധം നല്‍കുകയും ചെയ്യുന്നു.

ഇത്തരം മാര്‍ഗങ്ങളൊന്നും ചെയ്യാന്‍ സമയമില്ലാത്തവര്‍ക്ക് മുടിക്ക് സുഗന്ധം നല്‍കാന്‍ സഹായിക്കുന്ന സ്‌പ്രേകള്‍ ലഭ്യമാണ്. ഇവ മുടിയില്‍ നേരിട്ട് അടിക്കുന്നത് നല്ലതല്ല. ചീപ്പിലോ ഹെയര്‍ ബ്രഷിലോ ഇവ പുരട്ടിയ ശേഷം മുടി ചീകുന്നതായിരിക്കും നല്ലത്.

നനഞ്ഞ മുടി കെട്ടിവച്ചാലും ദുര്‍ഗന്ധമുണ്ടാകും. മുടി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവയ്ക്കുക. മുടിയുടെ ആരോഗ്യത്തിനും ഇതായിരിക്കും നല്ലത്.