ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ അമരിവിള ജങ്ഷന് സമീപം ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള തെക്കേക്കര കിഴക്കേ പുത്തന്‍വീട്ടില്‍ രഞ്ജു വി.ജയന് (32), കോവളം സമുദ്രാ ബീച്ചിന് സമീപം കണ്ണംകോട് തേരി വീട്ടില്‍ അനിക്കുട്ടന് (21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31ന് ഉച്ചക്കാണ് അഞ്ചംഗ സംഘം ഹോട്ടലിലെ അടുക്കളഭാഗത്ത് അതിക്രമിച്ചുകയറി ഹോട്ടല്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറും അടിച്ച് നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്പിക്കുകയും ചെയ്തത്.

സംഭവത്തിനുശേഷം ഒളിവില്‍പോയ സംഘത്തിലെ ഒന്നും രണ്ടും പ്രതികളാണ് പിടിയിലായത്. പ്രദേശത്ത് നിരന്തരമായി സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിരുന്നവരാണിവര്. ഹോട്ടലില്‍നിന്ന് വാങ്ങിയ കറിക്ക് രുചി കുറവാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരുമായി വാക്കുതര്‍ക്കമായി. ഈ കേസിലെ മൂന്നാം പ്രതിയായ സൂരജിനെ (19) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മറ്റ് രണ്ട് പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി ഡെപ്യൂട്ടി കമീഷണര്‍ ഡോ. ദിവ്യ വി.ഗോപിനാഥ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീണ്‍കുമാര്‍, എസ്.ഐമാരായ സജി.എസ്.എസ്, വിഷ്ണു സജീവ്, എസ്.സി.പി.ഒ സജന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

