ഹൈന്ദവ നേതാക്കളെ വധിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഹൈന്ദവ നേതാക്കളെ വധിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി കന്പനി തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ് (എന്‍.ഐ.എ) വെളിപ്പെടുത്തല്‍. 2002ലെ ഗുജറാത്ത് കലാപത്തിന് പകരം വീട്ടാന്‍ വര്‍ഗീയ കലാപങ്ങള്‍ നടത്താനും ദാവൂദ് ആലോചിച്ചിരുന്നു.
ഗുജറാത്തിലെ ബറൂച്ചില്‍ 2015ല്‍ രണ്ട് ബി.ജെ.പി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. പാകിസ്താനിലെ കറാച്ചിയിലും ദക്ഷിണാഫ്രിക്കയിലും വച്ചാണ് തീവ്രവാദ സംഘടന രൂപീകരിക്കാനുള്ള ആലോചന നടന്നതെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ പെട്രോള്‍ ബോംബ് എറിയാനും ഹൈന്ദവ സംഘടനകളുടെ നേതാക്കളെ വധിക്കാനും ഇന്ത്യയിലെ അനുഭാവികള്‍ക്ക് ദാവൂദ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബറൂച്ചയില്‍ ബി.ജെ.പി പ്രസിഡന്റും ആര്.എസ്.എസ് നേതാവുമായ ഷിരീഷ് ബംഗാളി, യുവമോര്‍ച്ച നേതാവ് പ്രഗ്നേഷ് മിസ്ട്രി എന്നിവരെ വധിച്ചതിന് പിന്നിലും ദാവുദ് ഇബ്രാഹിമിന് പങ്കുണ്ടെന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. ബി.ജെ.പി, ആര്.എസ്.എസ്.എസ്. വി.എച്ച്.പി നേതാക്കളെ വധിച്ച് വര്‍ഗീയ കലാപം നടത്താനായിരുന്നു ലക്ഷ്യം. കൊല്ലപ്പെടേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യയിലെ അനുഭാവികള്‍ക്ക് ദാവൂദ് നിര്‍ദ്ദേശം നല്‍കിയിരുന്നതായും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

