സേവാഭാരതിയുടെ എട്ടാമത് അയ്യപ്പ സേവാ കേന്ദ്രം സമാപിച്ചു

കൊയിലാണ്ടി: സേവാഭാരതിയുടെ എട്ടാമത് അയ്യപ്പസേവാ കേന്ദ്രത്തിന്റെ സമാപനവും പ്രളയ ദുരന്തമുഖത്ത് സേവനം ചെയ്ത സേവാഭാരതി പ്രവർത്തകരെ ആദരിക്കുന്ന സ്നേഹാദരവും അയ്യപ്പസേവാ കേന്ദ്രത്തിൽ വെച്ച് നടന്നു. 64 ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന അയ്യപ്പ സേവാകേന്ദ്രത്തിൽ നിരവധി ഭക്തരാണ് ഇത്തവണയും എത്തിയത്.
പ്രളയ ദുരന്തമുഖത്ത് നിസ്വാർത്ഥ സേവനം നടത്തിയ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ ആലപ്പുഴ കുട്ടനാട്ടിൽ മെഡിക്കൽ ക്യാമ്പിൽ സേവനം ചെയ്ത 14 പേരെയും, ഫൈബർ വഞ്ചിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഭാഗ്യമാല (കൊല്ലം ബീച്ച്), അമ്മേ നാരായണ (വിരുന്നു കണ്ടി), ശ്രീ ഭഗവതി (കാപ്പാട്), രാമനാമം (കണ്ണൻ കടവ്), വളപ്പിൽ (പയ്യോളി ബീച്ച്) എന്നിവിടങ്ങളിലെ സേവാഭാരതി പ്രവർത്തകരായ 40 പേരെയും ആദരിച്ചു.
വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിലെ വാർഡ് 19ൽ കിണർ ശുചികരണ പ്രവർത്തനം നടത്തിയ 20 പേരെയും, പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ പ്രദേശത്തെ കിണറുകളും വീടുകളും ശുചീകരിച്ച 12 പേരെയും
ആലപ്പുഴ ജില്ലയിലെ കുട്ടനാട് ,തകഴി, ചക്കുളത്തുകാവ് എന്നിവിടങ്ങളിൽ വീടുകളും, സ്ക്കൂളുകളും ശുചീകരിച്ച 83 പേരെയും കൊയിലാണ്ടി ടൗണിലെ ആൽമരം, മുത്താമ്പി ടൌണിലെ ആൽമരം എന്നിവ കടപുഴകി വീണപ്പോൾ രണ്ടു ദിവസം പൂർണ്ണമായി സേവനം ചെയ്ത 17 പേരെയും കട്ടിപ്പാറ ദുരന്തഭൂമിയിൽ സേവനം ചെയ്ത 17 പേരെയും വയനാട് നിരവിൽ പുഴ ചുരുളി ആദിവാസി കോളനിയിലും സമീപ പ്രദേശത്തെ കുടിയേറ്റ ഭൂമിയിലെ താമസക്കാർക്കും ഭക്ഷണ-വസ്ത്ര കിറ്റ് വിതരണത്തിൽ പങ്കെടുത്ത 10 പേരെയും നിപ വൈറസ് ബാധ പിടിപെട്ട് മരിച്ച സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ച സേവാഭാരതി ആംബുലൻസ് ഡ്രൈവർ പുരുഷു ഏട്ടനേയും സേവാഭാരതി ആദരിച്ചു.
കൂടാതെ അഞ്ചാമത് ദേശീയ തല സ്റ്റുഡൻറ്റ് ഒളിമ്പിക്സിൽ 100 മീറ്റർ , 4 x 100 മീറ്റർ റിലേ എന്നിവയിൽ സ്വർണ്ണ മെഡൽ നേടിയ കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി തെക്കെ തല പറമ്പിൽ കൃപേഷിനെയും ദേശീയ സ്ക്കൂൾ ഗെയിംസ് ബോക്സിംഗിൽ സ്വർണ്ണ മെഡൽ നേടിയ സേവാഭാരതി കുടുംബാംഗം അനാമിക വികാസിനെയും 2018 ജില്ലാ കേരളോത്സവം ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയ സേവാഭാരതി കുടുംബാംഗം അഞ്ജലി പ്രസാദിനെയും സേവാഭാരതി മൊമന്റോ നൽകി ആദരിച്ചു.
ദേശീയ സേവാഭാരതി പ്രൊജക്ട് ആയ സേവാ സാഥി കടലോര, മലയോര മേഖലകളിലെ നിർധന വിദ്യാർത്ഥികൾക്കുള്ള പഠന സഹായ ഉപകരണ വിതരണത്തിന്റെ ഭാഗമായി കൊയിലാണ്ടി വിരുന്നു കണ്ടി കിഴക്കെ പറമ്പിൽ സാരംഗി ബാബുവിന് സൈക്കിൾ നൽകി. സമാപന സഭ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് മാനേജിംഗ് ഡയറക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
അയ്യപ്പസേവാകേന്ദ്രം ചെയർമാൻ മുരളീധര ഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സിക്രട്ടറി ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ഡോ കെ.ഗോപിനാഥൻ, ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, കെ.എം.രാജീവൻ (എം.ഡി സ്റ്റീൽ ഇന്ത്യ), ഗിരീഷ് കുമാർ (സേവാഭാരതി സംഭാഗ് സംഘടന സിക്രട്ടറി), കൊളപ്പേരി സുകുമാരൻ നായർ, സുബ്രഹ്മണ്യൻ മാസ്റ്റർ, രാഘവൻ നായർ, അഡ്വ: വി.സത്യൻ എന്നിവർ ആശംസ പ്രസംഗവും ഉപഹാര വിതരണവും നടത്തി. അയ്യപ്പസേവാകേന്ദ്രം ജനറൽ കൺവീനർ കെ.എം രജി സ്വാഗതവും, സിക്രട്ടറി ശിവപ്രസാദ് നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് സമൂഹസദ്യയും ഉണ്ടയിരുന്നു.
