KOYILANDY DIARY.COM

The Perfect News Portal

സെന്റോഫ് പാര്‍ട്ടിക്ക് ലഹരി പകരാന്‍ ഉന്മാദ ഗുളികള്‍

കാസര്‍ഗോഡ്: ഹയര്‍സെക്കന്റി സ്ക്കൂളിലെ സെന്റോഫ് പാര്‍ട്ടിക്ക് ലഹരി പകരാന്‍ ഉന്മാദ ഗുളികള്‍. ഉദുമക്കടുത്ത ഒരു ഹയര്‍സെക്കന്റി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചത് 300 ഓളം ലഹരി ഗുളികകള്‍. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ രഹസ്യമായി അന്വേഷണം ആരംഭിക്കുകയും ഗുളികള്‍ തേടി രഹസ്യമായി ചില മെഡിക്കല്‍ ഷാപ്പില്‍ കയറി ഇറങ്ങുകയും ചെയ്തു. ഒടുവില്‍ എത്തിപ്പെട്ടത് ബേക്കലിലെ ഫോര്‍ട്ട് മെഡിക്കല്‍സ് എന്ന ഇംഗ്ലീഷ് മരുന്നുഷാപ്പില്‍.

ആവശ്യക്കാരെന്ന വ്യാജേന PEB 75 എന്ന ഗുളിക ആവശ്യപ്പെട്ടതോടെ പത്തിരട്ടിയോളം വില വര്‍ദ്ധിപ്പിച്ച്‌ നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ലഹരിക്കുവേണ്ടി ഗുളിക നല്‍കുന്ന മെഡിക്കല്‍ ഷോപ്പ് തിരിച്ചറിഞ്ഞതോടെ ജില്ലാ ഡ്രഗ്സ് ഓഫീസില്‍ നാട്ടുകാര്‍ വിവരമറിയിച്ചു. അതേ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഡോക്ടര്‍മാര്‍ വ്യക്തമായ കുറിപ്പ് നല്‍കിയാല്‍ മാത്രം നല്‍കുന്ന മരുന്നുകളാണ് ലഹരിക്കായി വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കപ്പെടുന്നത്. ഗുളികയുടെ കവറില്‍ രേഖപ്പെടുത്തിയ വിലയും തീയ്യതിയും കവറില്‍ നിന്നും മായ്ച്ച്‌ കളഞ്ഞാണ് വില്‍പ്പന തകൃതിയായി നടത്തിയത്. ഇത്തരത്തിലുള്ള ഗുളികകളും ഡ്രഗ്സ് കണ്‍ട്രോളര്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രഗാബാലില്‍ എന്ന ചേരുവയുള്ള PEB 75 ഗുളിക ലഹരിക്കായി ഉപയോഗിക്കപ്പെടാമോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

Advertisements

അതുപോലെ തന്നെ ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന സിയാഗ്ര 50 എന്ന ഗുളികയും വിലയും തീയ്യതിയും മായ്ച്ച്‌ ഇതേ മെഡിക്കല്‍ ഷാപ്പില്‍ നിന്നും വിറ്റതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ രണ്ടു ഗുളികകളും ശീതള പാനീയത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മണിക്കൂറികളോളം ലഹരി ലഭിക്കുമെന്നാണ് അറിയുന്നത്.

അപസ്മാരം പോലുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് PEB 75. ഇത് ലഹരിക്കായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച്‌ വരുന്നതിനെക്കുറിച്ച്‌ ലഭിക്കുന്ന ആദ്യ വിവരമാണ് കാസര്‍ഗോഡു നിന്നും പുറത്ത് വന്നത്. പര്‍ച്ചേയ്സ് ബില്ലോ മറ്റ് വ്യക്തമായ തെളിവുകളോ ഇല്ലാതെയാണ് മെഡിക്കല്‍ ഷാപ്പില്‍ നിന്നും പരിശോധനയില്‍ ഇവ കണ്ടെത്തിയതെന്ന് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ പി.ഫൈസല്‍  പറഞ്ഞു.

കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ വടക്കേ അറ്റത്തെ ജില്ലയായതുകൊണ്ടു തന്നെ മംഗളൂരുവില്‍ നിന്ന് ഇത്തരം മരുന്നുകള്‍ വ്യാപകമായി അതിര്‍ത്തി കടന്ന് എത്തുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്. മെഡിക്കല്‍ ഷാപ്പ് ഉടമക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *