KOYILANDY DIARY.COM

The Perfect News Portal

സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി സുപ്രിം കോടതിയില്‍

ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ഉ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രിം കോടതിയെ സമീപച്ചു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലൊഴികെയുള്ള മേഖലകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശിക്കണമെന്നും രോഹന്‍ മാത്യുവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെടും. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കളുടെ സംഘടന. അതിനിടെ കൂടുതല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രിം കോടതിയെ സമീപിച്ചത്. ഹരിയാനയിലേയും ദില്ലിയിലേയും പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിലെ അവ്യക്തത നീക്കണമെന്നും മറ്റ് മേഖലകളിലുള്ള വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശിക്കണമെന്നും രോഹന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളില്‍ ഒഴികെയുള്ള മേഖലകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരകടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശിക്കണമെന്നും രോഹന്‍ മാത്യുവിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ ആവശ്യപ്പെടും.

പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി, പത്താംക്ലാസിലെ ബയോളജി പരീക്ഷകളുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്നാണ് ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജാന്‍വി ബെഹലിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം പൊലീസിനേയും കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മാര്‍ച്ച്‌ 17 ന് അറിയിച്ചെന്നും ജാന്‍വി പറഞ്ഞു. മുഴുവന്‍ വിഷയങ്ങളിലും പുന:പരീക്ഷ വേണമെന്നാണ് ജാന്‍വിയുടെ ആവശ്യം. അതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്റെ ഇമെയിലില്‍ നിന്ന് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്‌ഇ അധ്യക്ഷയെ അറിയിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന അഭ്യൂഹവും അന്വേഷണ സംഘം പരിശോധിക്കും. ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് സംശയിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേയും പ്രസ്സിലേയും ചോദ്യപേപ്പര്‍ സൂക്ഷിച്ച ബാങ്കിലേയും ജീവനക്കാരുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

Advertisements

ജാര്‍ഖണ്ഡില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പൊലീസ് നാലു വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെ ദില്ലിക്ക് പുറത്തേക്ക് ചോദ്യപേപ്പര്‍ എത്തിയിട്ടില്ലെന്ന സിബിഎസ്‌ഇയുടെ വാദമാണ് പൊളിയുന്നത്. അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച്‌ സിബിഎസ്‌ഇ ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *