സര്‍ക്കാര്‍ ലേബര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍ ലേബര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം. തുറമുഖ ഡിറ്റാച്ച്മെന്റ് യൂണിറ്റിലെ പൊലീസുകാരെ അനധികൃതമായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനാല്‍ തുറമുഖ പദ്ധതി പ്രദേശത്ത് സുരക്ഷാ ഭീഷണി. ഞായറാഴ്ച്ച രാത്രിയാണ് തുറമുഖ പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍ വക സ്പെഷ്യല്‍ ലേബര്‍ ഓഫീസിലെ വാതില്‍ കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വാതിലിന്റെ അടിയിലെ ഫൈബര്‍ ഭാഗം മുറിച്ചു ഇളക്കി മാറ്റിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചത് എന്ന് സംശയിക്കുന്നു. ഈ ഭാഗം തിരികെ ചാരി വെച്ച നിലയിലാണ്. മന്ത്രിസഭ ക്യാബിനറ്റ് കൂടി രാജ്യാന്തര തുറമുഖത്തിന് വേണ്ടി പോലീസിന്റെ തുറമുഖ ഡിറ്റാച്ച്മെന്റ് യൂണിറ്റ് രൂപീകരിച്ചിരുന്നു. സ്ഥലത്തു ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസിനെയും വിന്യസിച്ചിരുന്നു.

പദ്ധതി പ്രദേശത്തിന്റെ സുരക്ഷാ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് താല്കാലികമായി ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. പദ്ധതി പ്രദേശത്തെ ഒരു കെട്ടിടത്തില്‍ യൂണിറ്റ് പ്രവര്‍ത്തനവും ആരംഭിച്ചു. രാത്രികാല പട്രോളിംഗ് ഉള്‍പ്പടെ കാര്യക്ഷമായി പോലീസിന്റെ ഭാഗത്ത് നടന്നുവരവേ അടുത്തിടെ ഇവിടെ ചുമതലയുണ്ടായിരുന്ന എസ്.ഐയെ പൊഴിയൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഇതിനു പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച ഡിറ്റാച്ച്മെന്റ് യൂണിറ്റിലെ 13 പോലീസുക്കാരെ അനധികൃതമായി അനുമതിയില്ലാതെ വിഴിഞ്ഞം സി.ഐ നിര്‍ബന്ധിച്ചു ലോക്കല്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി പറയുന്നു. ഇതോടെ സ്ഥലത്തെ പൊലീസ് സാന്നിധ്യം ഇല്ലാതായി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മോഷണ ശ്രമം നടന്നിരിക്കുന്നത്. അതീവ ഗൗരവമായി കാണേണ്ട സുരക്ഷമേഖലയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ പൊലീസിന്റെ ഈ വീഴ്ച്ച പ്രധിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.

