KOYILANDY DIARY.COM

The Perfect News Portal

സപ്ളൈകോയുടെ റമദാന്‍ മെട്രോ ഫെയറിന് തുടക്കം

കോഴിക്കോട് > നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവുമായി സപ്ളൈകോയുടെ റമദാന്‍ മെട്രോ ഫെയറിന് തുടക്കം. ഉഴുന്ന്, വറ്റല്‍മുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയേക്കാള്‍ വിലക്കിഴിവില്‍ സപ്ളൈകോ റമദാന്‍ ഫെയറില്‍ ലഭിക്കും. ബിരിയാണി അരിയടക്കം റമദാന്‍ വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങള്‍ക്കും പുറമെ പച്ചക്കറിയും വില്‍പനക്കുണ്ട്. പൊലീസ് കമീഷണര്‍ ഓഫീസിനു സമീപമുള്ള ജില്ലാ മെഡിക്കല്‍ ലബോറട്ടറി കോമ്പൌണ്ടില്‍ നടത്തുന്ന റമദാന്‍ മെട്രോഫെയര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പൊതുവിപണിയില്‍ കിലോക്ക് 39 രൂപയുള്ള പഞ്ചസാര 22 രൂപക്ക് വാങ്ങാം. പുറത്ത് 160 രൂപയുള്ള ഉഴുന്നിന് 66 രൂപയും 90 രൂപയുള്ള ചെറുപയറിന് 74 രൂപയുമാണ്. ഒരു കിലോ കടല–43, തുവരപ്പരിപ്പ്–65, വന്‍പയര്‍–45, ഗ്രീന്‍പീസ്–36 എന്നിങ്ങനെയാണ് വില. അരക്കിലോ മുളകിന് 37.50 രൂപയും മല്ലിക്ക് 46 രൂപയുമാണ്. ഒരു കിലോ കുറുവ അരി 25, മട്ട അരി 24, പച്ചരി 23 എന്നീ വിലക്ക് കിട്ടും. ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ 88 രൂപക്കാണ് വില്‍പന.

ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറിയുമുണ്ട്. വഴുതന–25, വെണ്ട–26, പാവക്ക–28, പയര്‍–45, പടവലം–22, കാരറ്റ്–35, ബീന്‍സ്–60, കാബേജ്–24 എന്നിങ്ങനെയാണ് വില. ഇളവനും മത്തനും 18 രൂപയാണ് വില. വെള്ളരിയും തക്കാളിയും 15 രൂപക്ക് വാങ്ങാം. മുരിങ്ങക്ക് 55, ഇഞ്ചിക്ക് 70, ബീറ്റ്റൂട്ടിന് 70, ചേനക്ക് 48, സവാളക്ക് 14 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില.
ചടങ്ങില്‍ എം കെ എം കുട്ടി അധ്യക്ഷനായി. കോര്‍പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. എം കെ മുനീര്‍ എംഎല്‍എ, പി ആര്‍ സുനില്‍സിങ്, പി ടി ആസാദ്, സി പി ഹമീദ്, എന്‍ വി ബാബുരാജ്, വി വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സപ്ളൈകോ റീജണല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എം കെ രാജീവ് സ്വാഗതവും താലൂക്ക് സപ്ളൈ ഓഫീസര്‍ വി എസ് സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.

റമദാന്‍ മെട്രോ ഫെയറിനു പുറമെ തെരഞ്ഞെടുത്ത 89 സപ്ളൈകോ വില്‍പനശാലകളിലെ റമദാന്‍ ഫെയറും വെള്ളിയാഴ്ച ആരംഭിച്ചു. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ചൊവ്വാഴ്ചവരെ നീളും.

Advertisements
Share news