സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. വേണ്ടതായ മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞിരിക്കുകയാണ്. മഹാപ്രളയത്തിന് പിന്നാലെ അറബിക്കടലിന് തെക്ക്-കിഴക്ക് ശ്രിലങ്കയ്ക്ക് സമീപത്തായി ഏഴാം തിയതിയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പുമുണ്ട്.
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ മുന്‍കരുതലായി ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുന്ന മുറയ്ക്ക് ജനങ്ങള്‍ ക്യാമ്ബുകളിലേക്ക് മാറാന്‍ മടികാണിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിനുശേഷമായിരിക്കും ഡാമുകളില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിനുള്ള കാര്യത്തില്‍ തീരുമാനമാകൂ.

