KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് റേഷൻ വിഹിതം കൂട്ടി. പൊതു വിപണിയിൽ ലഭിക്കുന്ന 33 രൂപയുടെ അരി ഇനി 10ഉം 15ഉം രൂപയ്ക്ക് റേഷൻ കടകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിഹിതം കൂട്ടി. പൊതു വിപണിയിൽ ലഭിക്കുന്ന 33 രൂപയുടെ അരി ഇനി 10ഉം 15ഉം രൂപയ്ക്ക് റേഷൻ കടകളിൽ. ഏഴു കിലോ അരി 10.9 രൂപ നിരക്കിലും മൂന്ന്‌ കിലോ അരി 15 രൂപ നിരക്കിലുമാണ്‌ ലഭ്യമാക്കുക. പൊതുവിപണിയിൽ 30 രൂപയ്‌ക്കു മുകളിൽ വിലയുള്ള അരിയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ കാർഡ്‌ ഉടമകൾക്ക്‌ നൽകുന്നത്‌. വെള്ള റേഷൻ കാർഡുകാർക്ക്‌ ഈ മാസംമുതൽ 10 കിലോവീതം അരി നൽകും. നിലവിൽ വെള്ള കാർഡുകാർക്ക്‌ അഞ്ചു കിലോയാണ്‌ നൽകുന്നത്‌. നീല കാർഡുകാർക്ക്‌ ഈ മാസം മൂന്നു കിലോ അരി 15 രൂപ നിരക്കിൽ അധികം ലഭിക്കും.

അനാഥാലയങ്ങളിലെ അന്തേവാസികൾക്ക്‌ അഞ്ചു കിലോവീതം അരി നൽകും. ഇതിൽ രണ്ടു കിലോ അരി 10.9 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാണ്‌ നൽകുക. ഇത്‌ പൊതുവിപണിയിലെ അരിവില കുറയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഫ്‌സിഐയിൽനിന്ന്‌ റേഷൻകടകളിൽ എത്തിക്കുന്ന പച്ചരി, പുഴുക്കലരി അനുപാതം തുല്യമാക്കി. നിലവിൽ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയുമാണ്‌ എത്തിക്കുന്നത്‌. പ്രഭാത-രാത്രി ഭക്ഷണങ്ങൾക്ക്‌ പച്ചരി ആവശ്യമാണ്‌. അതിനാൽ 50ഃ50 അനുപാതത്തിൽ പച്ചരിയും പുഴുക്കലരിയും നൽകും.

നിലവിൽ എഫ്‌സിഐയിൽനിന്ന്‌ കൂടുതലായി ലഭിക്കുന്ന സോണാ മസൂരി അരിക്കു പകരം ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ ഇനം വിതരണം ചെയ്യും. എഫ്‌സിഐയിൽനിന്ന്‌ അരി എടുക്കുംമുമ്പ്‌ സംയുക്ത പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കും. ക്രിസ്‌മസിന്റെ ഭാഗമായി എല്ലാ റേഷൻകാർഡ് ഉടമകൾക്കും അധികമനുവദിച്ച അര ലിറ്റർ മണ്ണെണ്ണ മാർച്ച്‌ 31 വരെ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *