KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം.

കൊച്ചി> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം.
ഒറ്റപ്പാലം നഗരസഭ‘ 29ാം വാര്‍ഡായ  കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കെ കെ രാമകൃഷ്ണന്‍ 385 വോട്ടിനാണ് വിജയിച്ചത്. നിലവില അംഗമായിരുന്ന എല്‍ഡിഎഫിലെ കെ കെ രാമരാജ് അന്തരിച്ചതുമൂലം തെരഞ്ഞെടുപ്പ് വേണ്ടി വരുകയായിരുന്നു.

ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് എല്‍ഡിഎഫ് നിലനിര്‍ത്തി. തോമസ് ലൂക്കോസാണ് വിജയിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കേരളകോണ്‍ഗ്രസ് വിട്ടതിനെ തുടര്‍ന്ന് പഞ്ചായത്തംഗം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തിരുവനന്തപുരം വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എല്‍ഡിഎഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കില്‍ എല്‍ഡിഎഫിലെ സജിത 151 വോട്ടിന് വിജയിച്ചു. അതേസമയം തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ആശാനാഥാണ് വിജയിച്ചത്.

Advertisements

കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റില്‍ എല്‍ഡിഎഫിന്റെ കെ.കെ ഭാസ്കരന്‍ 76 വോട്ടിന് വിജയിച്ചു. നിലവിലെ വാര്‍ഡംഗം ബിജു അരീക്കലിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്.

എറണാകുളം തൃപ്പൂണിത്തുറ  നഗരസഭ 39–ാം ഡിവിഷനിലെ (ചക്കംകുളങ്ങര) വാര്‍ഡില്‍ യുഡിഎഫിന്റെ ശബരിഗിരീശന്‍  വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി നാല് വോട്ടിന് വിജയിച്ച വാര്‍ഡാണിത്.

തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ്  പത്താഴക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി  കെ എ ഹൈദ്രോസ് 98 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എന്‍സിപി സ്ഥാനാര്‍ഥി എ മുരളീധരന്‍ ഒരു വോട്ടിന് കഴിച്ച തവണ വിജയിച്ച വാര്‍ഡാണ്. മുരളീധരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ് വേണ്ടി വന്നത്.

കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ഇവിടെ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലായിരുന്നത് ശ്രദ്ധേയാമായിരുന്നു. ഇടതുപക്ഷഅംഗമായ എം ഇ കെ ലളിതയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അംഗത്വം രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് സംജാതമായത്.

ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഷൈലജ ഷാജി 137 വോട്ടിനാണ് വിജയിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് സിറ്റിങ് മെമ്പര്‍ രാജിവെച്ച സീറ്റാണിത്.

ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ ബിജെപിയുടെ ഡി. ജ്യോതിഷ് 134 വോട്ടിന് വിജയിച്ചു.

കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.

മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒകെഎം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കാസര്‍കോട്  ജില്ലാ പഞ്ചായത്തിലെ ഉദുമയില്‍ യുഡിഎഫ് വിജയിച്ചു. ഇതോടെ ജിലാപഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ജില്ലാപഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമ്മുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. പാദൂര്‍ കുഞ്ഞാമുവിന്റെ മകനായ ഷാനവാസാണ് ഇവിടെ വിജയിച്ചത്.

Share news