സംസ്ഥാനം നിപയെ നേരിടാന്‍ പൂര്‍ണ്ണ സജ്ജം: മന്ത്രി കെ. കെ. ശൈലജ

കൊച്ചി: നിപ ബാധയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായി എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിപ ബാധ സ്ഥിരീകരിച്ചതായി വാര്‍ത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ചതിന് ശേഷം എഴുതിയ പോസ്റ്റിലാണ് സംസ്ഥാനം നിപയെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് മന്ത്രി ഉറപ്പുനല്‍കുന്നത്. ‘പൂര്‍ണ്ണ സജ്ജം, നമ്മള് അതിജീവിക്കും’ എന്ന ഒറ്റവരിയും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും മാത്രമാണ് ഈ പോസ്റ്റില്‍. മൂവായിരത്തിലേറെ പേര് മന്ത്രിയുടെ ഒറ്റവരി പോസ്റ്റ് പങ്കിട്ടു. കൊച്ചിയില്‍ ക്യാമ്ബ് ചെയ്ത് ആരോഗ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്.
നിപ ബാധയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ സംസ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയതായും മന്ത്രി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം കേന്ദ്രീകരിച്ചായിരിക്കും കേന്ദ്രസംഘത്തിന്റെ പ്രവര്‍ത്തനം. നിപ ബാധയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. നിലവില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്ന നാലുപേരുടെ ചികിത്സാ മേല്‍നോട്ടം ഇവര്‍ക്കാണ്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നതായും മന്ത്രി വ്യക്തമാക്കി. ഓരോ വകുപ്പുകളും നിപ പ്രതിരോധം, രോഗവ്യാപനം തുടങ്ങിയവയില്‍ ചെയ്യുന്ന കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം, വിലയിരുത്തല്‍, മാര്‍ഗനിര്‍ദേശം തുടങ്ങിയവയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കി. രോഗികളുമായി സമ്ബര്ക്കമുണ്ടായവരുടെ പട്ടിക തയ്യാറക്കല്, രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തില്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ തുടങ്ങി നിപ പ്രതിരോധത്തിന്റെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികള്‍ക്കും അന്തിമ രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു.

പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐസിഎംആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. എറണാകുളത്തേയും സമീപജില്ലകളിലേയും ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണ്. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി. മരുന്നുകളും നിപ പ്രതിരോധ മാസ്കുകളും വസ്ത്രങ്ങളും ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. രോഗപ്രതിരോധത്തിനൊപ്പം ബോധവല്‍ക്കരണത്തിനും തുല്യ പ്രാധാന്യം നല്കുന്ന തരത്തിലാണ് ആരോഗ്യവകുപ്പ് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

