വാളയാർ അട്ടപ്പള്ളത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസ്

തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്ത് രണ്ടു മാസത്തിനിടെ വീട്ടിൽ ഒരേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോർട്ട്. പെൺകുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്താനുള്ള തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികളുടെ മരണം സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി.
അട്ടപ്പള്ളം സ്വദേശി ഭാഗ്യവതിയുടെ മകളായ കൃതിക(14)യെ ജനുവരി 13നും ഭാഗ്യവതിയുടെ രണ്ടാം ഭർത്താവ് ഷാജിയുമായുള്ള ബന്ധത്തിൽ പിറന്ന ശരണ്യ (ഒന്പത്)യെ മാർച്ച് നാലിനുമാണ് വീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃതികയുടെ മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് രണ്ട് അപരിചിതർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ശരണ്യ മൊഴി നൽകിയെങ്കിലും പൊലീസ് അന്ന് ഗൗരവമായ അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ, മരണത്തിന് മുമ്പുള്ള മണിക്കൂറുകളിൽ ലൈംഗികചൂഷണം നടന്നിട്ടില്ലെന്നും നേരത്തേ പലപ്പോഴായി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട്ട് ഷിബു (43), അയൽവാസി പ്രദീപ് കുമാർ (34) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

