വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിക്കും

കൊയിലാണ്ടി: ജില്ലയിലെ തിരക്കേറിയ കവലകളിലും നഗരത്തിലും റോഡ് മുറിച്ചു കടക്കുമ്പോൾ ഉണ്ടാവുന്ന അപകടം ഒഴിവാക്കാൻ വിപുലമായ സംവിധാനം വരുന്നു. വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിക്കും. ജനങ്ങൾക്ക് സ്വയം നിയന്ത്രിക്കാവുന്ന സ്വിച്ചോടു കൂടിയ ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിക്കുന്നതും ആലോചിക്കുന്നുണ്ട്. കലക്ടർ എസ് സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് തീരുമാനം.
നിരവധി വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കുന്ന കുന്നമംഗലം ബസ് സ്റ്റാൻഡിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കും. മൺസൂൺ ആരംഭിച്ചതോടെ ദേശീയ പാതയിലും റോഡുകളിലും ധാരാളം കുഴികളുണ്ടായിട്ടുണ്ട്. ഈ റോഡുകൾ ഉടൻ പുനർനിർമിക്കണമെന്ന് കലക്ടർ നിർദേശിച്ചു. സ്‌കൂളുകൾ, ആശുപത്രികൾ എന്നിവക്ക് സമീപമുള്ള റോഡുകളിൽ മാഞ്ഞുപോയ സീബ്രാ വരകൾ, മുന്നറിയിപ്പ് ചിഹ്നങ്ങൾ, റോഡ് മാർക്കിങ് എന്നിവ പുനഃസ്ഥാപിക്കണം. റോഡ് നിയമങ്ങളെപ്പറ്റി ജനങ്ങളെയും ഡ്രൈവർമാരെയും ബോധവൽക്കരിക്കാനായി പരിശീലനവും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും സംഘടിപ്പിക്കും.
നഗരത്തിൽ കൂടുതൽ പേ ആൻഡ് പാർക്കിങ് സംവിധാനം കൊണ്ടുവരാനും സ്ഥലമുടമകൾക്ക് ലൈസൻസ് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു. ബീച്ചിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കും. മെഡിക്കൽ കോളേജ് വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ബീച്ചിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കും.
യോഗത്തിൽ സബ്കലക്ടർ വി വിഘ്നേശ്വരി, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, കോഴിക്കോട് ട്രാഫിക് നോർത്ത് എസിപി പി കെ രാജു, കോഴിക്കോട് ട്രാഫിക് സൗത്ത് എസിപി പി ബിജുരാജ്, റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ സിന്ധു, എൻ എച്ച് എക്സിക്യൂട്ടീവ് എൻജിനീയർ കെ വിനയരാജ്, എൻ എച്ച് അസിസ്റ്റന്റ് എൻജിനീയർ എ സി ദിവാകരൻ, അഡീഷണൽ കോർപറേഷൻ സെക്രട്ടറി ഡി സാജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് ബിസിനി, ആർടിഒ എ കെ ശശികുമാർ, എൻഐടി പ്രൊഫ. ആഞ്ജനേയലു, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി ജോൺ എന്നിവർ സംസാരിച്ചു.
