ലോകത്തേറ്റവും വലിയ തലയുള്ള കുട്ടിയുടെ തലയില്‍ നിന്ന് നീക്കം ചെയ്തത് 3.7 ലിറ്റര്‍ വെള്ളം

ലോകത്തേറ്റവും വലിയ തലയുള്ള കുട്ടിയുടെ തലയില്‍ നിന്ന് നീക്കം ചെയ്തത് 3.7 ലിറ്റര്‍ വെള്ളം. ഏഴുമാസം പ്രായമുള്ള മൃത്യുഞ്ജയ് ദാസിന്‍റെ തലയില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ 3.7 ലിറ്റര്‍ വെള്ളം നീക്കിയത്. അത്യപൂര്‍വമായ ഹൈഡ്രോസെഫാലസ് എന്ന അവസ്ഥയാണ് മൃത്യുഞ്ജയ് ദാസിന്. നവംബര്‍ 20-ന് ആശുപത്രിയിലെത്തിക്കുന്പോള്‍ ഡോക്ടര്‍മാര്‍ക്കുപോലും പ്രതീക്ഷയുണ്ടായിരുന്നില്ല. തലയില്‍ അഞ്ചര ലിറ്ററോളം ഫ്ളൂയിഡാണ് അടിഞ്ഞിരുന്നതെന്ന് എയിംസ് സൂപ്രണ്ട് ഡോ. ദിലീപ് പരീദ പറഞ്ഞു. ആറാഴ്ചയ്ക്കിടെ 3.7 ലിറ്റര്‍ ഫ്ളൂയിഡ് നീക്കം ചെയ്തു. ഇത്രയും വെള്ളം നീക്കിയതോടെ, തലയുടെ വ്യാസം 96 സെന്‍റീമീറ്ററില്‍നിന്ന് 70 സെന്‍റിമീറ്ററായി കുറഞ്ഞു. റാണ്‍പുരിലെ നയാഗഢിലാണ് മൃത്യുഞ്ജയിന്‍റെ കുടുംബം താമസിച്ചിരുന്നത്.
ഫ്ളൂയിഡുണ്ടാക്കുന്ന സമ്മര്‍ദം തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകും. തലയിലെ വെള്ളം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദങ്ങളില്‍നിന്നാണ് ഈ പേര് കിട്ടിയത്. സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡാണ് ഈ രീതിയില്‍ തലച്ചോറില്‍ കെട്ടിക്കിടക്കുന്നത്. തലവേദന, ഛര്‍ദി, കാഴ്ചത്തകരാറുകള്‍ തുടങ്ങിയവയാണ് ഹൈഡ്രോസെഫാലസിന്‍റെ സാധാരണ ലക്ഷണങ്ങള്‍. ജന്മനാ ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണിത്. ചികിത്സിച്ചില്ലെങ്കില്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ക്ക് ഇത് കാരണമാകും.

