KOYILANDY DIARY.COM

The Perfect News Portal

ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

സംസ്ഥാന ആഭ്യന്തര വകുപ്പ് ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നു

തിരുവനന്തപുരം: ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ ഒരുങ്ങുന്നു. ‘കേരള സെക്സ് ഒഫന്‍ഡര്‍ രജിസ്ട്രേഷന്‍ ബില്‍ 2018’ എന്നപേരില്‍ നിയമനിര്‍മാണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. കുറ്റവാളികളുടെ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമാക്കും. പേരുവിവരം പുറത്തുവിടരുതെന്ന കര്‍ശന വ്യവസ്ഥകളോടെ വിവരാവാകാശ നിയമപ്രകാരമാണ് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുക. സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് നിയമനിര്‍മാണം.വകുപ്പ് സെക്രട്ടറിമാരുടെയും വകുപ്പ് മേധാവികളുടെയും ആദ്യവട്ട കൂടിയാലോചന വെള്ളിയാഴ്ച നടന്നു. പൊതുചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

പരാതിയുടെ പേരില്‍മാത്രം ഒരാളെ ലൈംഗിക കുറ്റവാളിയായി കണക്കാക്കാനാവില്ലെന്നും അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ഉന്നദ്യോഗസ്ഥര്‍ പറഞ്ഞു. പരാതികളില്‍ വലിയൊരു പങ്ക് വ്യാജമാണെന്നും അതിനാല്‍ കുറ്റവാളിയായി കോടതി കണ്ടെത്തുകയും ശിക്ഷ ലഭിക്കുകയും ചെയ്തവരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്താനാവൂ എന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഒരിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളെ പിന്നീട് ഒഴിവാക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പ്രത്യേകം ഓംബുഡ്സ്മാനെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഓംബുഡ്സ്മാന്റെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാവും.

എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ലൈംഗിക കുറ്റവാളികളുടെ പ്രത്യേക രജിസ്ട്രി സൂക്ഷിക്കും. ജില്ലാതലത്തില്‍ ഒരു ഡി.വൈ.എസ്.പി.യുടെ മേല്‍നോട്ടത്തിണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. വ്യവസ്ഥകള്‍ ലംഘിക്കുകയോ പട്ടികയില്‍ ഉണ്ടെന്നതിന്റെ പേരില്‍ അപമാനിക്കുകയോ ചെയ്താല്‍ ഒരുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായി പരിഗണിക്കും. കുറ്റവാളിയാക്കപ്പെട്ടയാള്‍ക്ക് ജോലി, താമസസ്ഥലം തുടങ്ങിയവ നിഷേധിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമായി കണക്കാക്കാനും നിര്‍ദേശമുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *