റേഷന്‍ കാര്‍ഡില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന കേന്ദ്രനിര്‍ദേശം കാര്‍ഡുടമകളെ വലയ്ക്കുന്നു

കോഴിക്കോട് > റേഷന്‍ കാര്‍ഡില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന കേന്ദ്രനിര്‍ദേശം കാര്‍ഡുടമകളെ വലയ്ക്കുന്നു. പുതിയ കാര്‍ഡ് പുറത്തിറക്കുന്നതിന് മുമ്പ് മുഴുവന്‍ കാര്‍ഡുകളിലും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. ജില്ലയിലുള്ളവര്‍ വെള്ളിയാഴ്ചയ്ക്കകം ആധാര്‍ നമ്പര്‍ ചേര്‍ക്കണം. എന്നാല്‍ നാട്ടിലില്ലാത്തവരും വിവരം അറിയാത്തവരുമായി നിരവധി പേര് ഫോറം പൂരിപ്പിച്ച് നല്‍കിയിട്ടില്ല. മുഴുവന്‍ കാര്‍ഡുടമകളും വീണ്ടും ആധാര്‍ നമ്പര്‍ നല്‍കണം. ഇതോടെ നേരത്തേ ശരിയായി വിവരം നല്‍കിയവരുള്‍പ്പെടെ വീണ്ടും ഇവ പൂരിപ്പിച്ച് നല്‍കേണ്ട സ്ഥിതിയിലായി.
പുതിയ റേഷന്‍കാര്‍ഡ് നല്‍കുന്നതിനുള്ള ഫോറത്തില്‍ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തതും തെറ്റായി വിവരം നല്‍കിയതുംമൂലം ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനില്‍ ഇവ പരിശോധിക്കാന്‍ സാധിക്കുന്നില്ല. തുടര്‍ന്നാണ് റേഷന്‍ കടകള്‍ വഴി വീണ്ടും ജനങ്ങളില്‍നിന്ന് ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത്.

വെള്ളപേപ്പറില്‍ വിവരങ്ങള്‍ എഴുതി നല്കിയാല് മതിയെങ്കിലും ചില റേഷന്‍ കടക്കാര് ഫോറത്തിന് രണ്ടുരൂപ ഈടാക്കുന്നതായി ആക്ഷേപമുണ്ട്. തെറ്റായ വിവരങ്ങള്‍ തിരുത്താന്‍ പിന്നീട് അവസരം നല്കിയാല് മതിയെന്നും റേഷന്‍ കാര്‍ഡ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.

