രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി യുവതി

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനക്കെതിരെയുള്ള അറസ്റ്റിനു പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി കലാകാരിയായ യുവതി രംഗത്ത്. രാഹുല്‍ ഈശ്വറില്‍ നിന്നും സുഹൃത്തായ യുവതിക്കുണ്ടായ ദുരനുഭവം ഇഞ്ചിപ്പെണ്ണാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി രാഹുല്‍ ഈശ്വര്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച ശേഷം കിടപ്പറയില്‍ വെച്ച് രാഹുല്‍ ഈശ്വര്‍ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഇക്കാര്യം വ്യക്തമാക്കി സുഹൃത്ത് അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം

“ഏതാണ്ട് 2003-2004 കാലഘട്ടത്തില്‍ പ്ലസ്ടു കഴിഞ്ഞു നിക്കുന്ന സമയത്താണ് സംഭവം. അന്ന് ദൃശ്യമാധ്യമങ്ങളിലും മറ്റും സ്ത്രീകളുടെ തുല്യതയ്ക്കായി സംസാരിക്കുന്ന ആളായിരുന്നു രാഹുല്‍ ഈശ്വര്‍. അതിനാല്‍ തന്നെ പുരോഗമന ചിന്താഗതിക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് എന്റെ സമപ്രായക്കാര്‍ക്കിടയില്‍ പുരോഗമന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുലിനോട് മതിപ്പായിരുന്നു. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. അതില്‍ ഞാന്‍ സന്തോഷിച്ചിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പാളയം റൂട്ടിലെ ബേക്കറി ജംങ്ഷന് സമീപത്തായിരുന്നു അയാളുടെ ഫ്ലാറ്റ്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, ബ്രൗണ്‍ നിറമുള്ളമുള്ള ഒരു ബില്‍ഡിംഗായിരുന്നത്. ഞാന്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച സമയം കൂടിയായിരുന്നത്.

ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ് സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ എങ്ങനെയൊക്കെയോ വീട് വിട്ടിറങ്ങുകയായിരുന്നു.
ഇന്ന് രാഹുലിനെ പലയിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വിശ്വാസങ്ങളില്‍ എനിക്ക് സംശയമുണ്ട്. ഇന്ന് അയാള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ? ആ കാലഘട്ടത്തിലേതില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ അയാളുടെ പ്രവര്‍ത്തികള്‍’.
