രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ വീണ്ടും സ്ഥലം മാറ്റി

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ വീണ്ടും സ്ഥലം മാറ്റി. എറണാകുളം പാലാരിവട്ടത്തേക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്.
കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചില്‍ നിന്ന് രവിപുരത്തേക്ക് സ്ഥലം മാറ്റിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. തന്റെ വീടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രഹ്ന ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഏറെ നാളായി താന്‍ ഇത് ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സ്ഥലം മാറ്റം. എറണാകുളം ബോട്ട് ജെട്ടി ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്ന് പാലാരിവട്ടം എക്സ്ചേഞ്ചിലേക്കാണ് ഇപ്പോഴുള്ള സ്ഥലം മാറ്റം.

ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

