KOYILANDY DIARY.COM

The Perfect News Portal

രണ്ടാഴ്ച മുമ്പ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി

പുല്‍പ്പള്ളി: രണ്ടാഴ്ച മുമ്പ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി. ഇതോടെ വെട്ടിലായിരിക്കയാണ് കേരള- കര്‍ണാടക പോലീസ്. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകന്‍ സജി (49) നെയാണ് ബന്ധുക്കളെയും നാട്ടുകാരെയും ഒരു പോലെ ആശ്ചര്യപ്പെടുത്തി ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്.

വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി പിന്നീട് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഒക്ടോബര്‍ 13ന് കര്‍ണാടകയിലെ എച്ച്‌.ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സജിയുടെ മാതാവ് ഫിലോമിനയും സജിയുടെ സഹോദരന്‍ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് തിരിച്ചറിഞ്ഞ് പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 16 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

രണ്ടാഴ്ചക്ക് ശേഷം സജി വീട്ടിലെത്തിയപ്പോഴാണ് തെറ്റ് മനസ്സിലായത്. സജി ബുധനാഴ്ച മുതല്‍ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനിലാണ്. തന്റെ ഭൂമി തട്ടിയെടുക്കുന്നതിന് ബന്ധുക്കള്‍ തന്നെ മരിച്ചതായി ചിത്രീകരിക്കുകയായിരുവെന്ന് സജി പറയുന്നു. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് മൃതദേഹം മാറി ഏറ്റെടുത്ത് സംസ്‌കരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

Advertisements

അജ്ഞാത മൃതദേഹം ഒക്ടോബര്‍ 13 ന് മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ ബൈരകുപ്പ പോലീസും കേരളത്തിലെ പുല്‍പ്പള്ളി പോലീസും മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ മറ്റൊരു പരാതി പറയാനായി പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തിയ സജിയുടെ സഹോദരന്‍ ജിനേഷ് അജ്ഞാത മൃതദേഹത്തെക്കുറിച്ച്‌ അറിയുകയും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും പോയ സഹോദരനെക്കുറിച്ച്‌ പോലീസിനോട് പറയുകയും ചെയ്തു.

പോലീസ് പറഞ്ഞതനുസരിച്ച്‌ ജിനേഷും, മാതാവ് ഫിലോമിനയും മോര്‍ച്ചറിയിലെത്തി അഴുകിയ മൃതദേഹത്തിന്റെ പരിസരത്ത് നിന്നും കിട്ടിയ ചെരുപ്പിന്റെയും മറ്റും അടയാളങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച്‌ അത് സജിയുടെ മൃതദേഹമാണെന്ന് ഉറപ്പിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തിന്റെ ഒരു കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. സജിയുടെ ഒരു കാലും ഒടിഞ്ഞതായിരുന്നു.
ഒടിഞ്ഞ കാലിന് കമ്പിയിട്ട നിലയിലായിരുന്നു മൃതദേഹം. സജിയുടെ ഒടിഞ്ഞ കാലിനും കമ്ബി ഇട്ടിരുന്നു. ഇതോടെ മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റടക്കം ബന്ധുക്കള്‍ക്ക് നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ 16 ന് മൃതദേഹം ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മതാചാര ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു.

ഒരു ബന്ധുവിനെ ഇതിനിടെ കണ്ടുമുട്ടിയ സജി താന്‍ മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച വാര്‍ത്ത അറിഞ്ഞാണ് പുല്‍പ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. കണ്ണൂരിലും മറ്റും കൂലിപ്പണിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു സജി. സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യഥാര്‍ത്ഥ മൃതദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തണമെങ്കില്‍ കര്‍ണാടക പോലീസിന്റെ സഹായം ആവശ്യമാണ്. ഒപ്പം സജിയുടെ പരാതിയിലും അന്വേഷണം നടത്തണം.

 

Share news

Leave a Reply

Your email address will not be published. Required fields are marked *