KOYILANDY DIARY.COM

The Perfect News Portal

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്ബൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ അവിടേക്ക് പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

Advertisements

കാശ്മീരിലെ ജനാധിപത്യ ലംഘനത്തിനെതിരെ കൊയിലാണ്ടിയിൽ LDF പ്രതിഷേധം

വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആന്‍റ് റസ്ക്യൂ സേനയെ അയച്ചിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച്‌ 1385 പേര്‍ ദുരിതാശ്വാസ ക്യാമ്ബിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാമ്ബുകള്‍ തുറന്നത്. ഇവിടെ 16 ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്​.

ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണ സംവിധാനത്തിന്‍റെ അറിയിപ്പ് ലഭിക്കുന്ന മുറക്ക്​ മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം.

മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനമനുസരിച്ച്‌ നാളെ കൂടി മഴയുണ്ടാവും. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം അപ്പപ്പോള്‍ ശരിയാക്കാന്‍ കെ.എസ്.ഇ.ബിയും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറിലും നിലമ്ബൂരിലും എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *