KOYILANDY DIARY.COM

The Perfect News Portal

യമനിൽ നിന്നും മോചിതനായ ദിപാഷിനെ സന്ദർശിച്ചു

കൊയിലാണ്ടി: ഹൂതി വിമതരാല്‍ ബന്ധിയാക്കപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി  യമന്‍ അതിര്‍ത്തിയില്‍ നിന്നും മോചിതനായി വീട്ടിലെത്തിയ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദീപാഷിനെ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവന്‍റെ നേതൃത്വത്തില്‍ ഉള്ള ബി.ജെ.പി. സംഘം സന്ദര്‍ശിച്ചു. യുഎഇ ചരക്കു കപ്പല്‍ ജീവനക്കാരനായ ദീപാഷ് ഉള്‍പ്പെടെ പതിനൊന്നു പേരെയായിരുന്നു ബന്ധിയാക്കിയത്. യമന്‍റെ പടിഞ്ഞാറന്‍ തീരമായ അല്‍ഹുദക്ക് സമീപത്ത് നിന്നും കഴിഞ്ഞ ജനുവരിയില്‍ ബന്ധിയാക്കിയ പതിനൊന്നുപേരേയും ഏതാണ്ട് നൂറ് കിലോമീറ്റര്‍ ചെറുബോട്ടില്‍ കൊണ്ടുപോയ ശേഷം ഒരു കെട്ടിടത്തില്‍ അടച്ചിടുകയായിരുന്നു.

ഇന്ത്യക്കാരാണെന്നറിഞ്ഞതോടെ മറ്റ് ശാരീരിക പീഢനങ്ങള്‍ ഇല്ലാതായെന്ന് ദീപാഷ് പറഞ്ഞു.പക്ഷേ ബന്ധപ്പെടാന്‍ ഔദ്യോഗിക ഗവണ്‍മെന്‍റ് ഇല്ലാത്തത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. യമന്‍ എംബസിയുമായും, ജിബൂട്ടി എംബസിയും ബന്ധിപ്പിച്ച് വിദേശകാര്യമന്ത്രാലയം നടത്തിയ സമര്‍ത്ഥമായ  ഇടപെടലുകളുടേയും, പരിശ്രമത്തിന്‍റേയും ഫലമായിട്ടാണ് മോചനം സാദ്ധ്യമായിരിക്കുന്നതെന്ന് ദീപാഷിന്‍റെ വീട് സന്ദര്‍ശിച്ചതിന് ശേഷം  വി.കെ. സജീവന്‍ പ്രതികരിച്ചു. കാത്തിരിപ്പിനൊടുവില്‍

വീട്ടുകാരുടേയും,നാട്ടുകാരുടേയും പ്രാര്‍ത്ഥനയുടേയും, പരിശ്രമത്തിന്‍റേയും ഫലമായി ദീപാഷ് തിരിച്ചെത്തിയതിലുളള അതിയായ സന്തോഷവും സജീവന്‍ പങ്കുവെച്ചു. എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് മധു പുഴയരികത്ത്,കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി മണ്ഡലം ട്രഷറര്‍ നാഗത്ത് നാരായണന്‍, പി സി കുത്തിരാമൻ, രാജേഷ് ചാത്തോത്ത് , വി.കെ സജീഷ്, ജയൻ പാല ചുവട്  തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *