മോഡിയുടെ പ്രസംഗം പരാജയം സമ്മതിക്കലെന്ന് തോമസ് ഐസക്
തൃശൂര്‍ > നോട്ടുനിരോധനം പരാജയമെന്ന് സമ്മതിക്കലായിരുന്നു നരേന്ദ്രമോഡിയുടെ പ്രസംഗമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ജനങ്ങളോടുള്ള സത്യസന്ധത പാലിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവണമായിരുന്നു. ഒന്നും സ്പര്‍ശിക്കാതെ നടത്തിയ പ്രഭാഷണം ജനവഞ്ചനയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതീക്ഷയോടെ ജനം ത്യാഗം സഹിച്ചത് കള്ളപ്പണം ഇല്ലാതാകുമെന്നും അഴിമതി ഇല്ലാതാകുമെന്നും പ്രതീക്ഷിച്ചാണ്. തിരികെവന്ന കള്ളപ്പണത്തിന്റെ കണക്ക് രാഷ്ട്രത്തിന് മുന്നില്‍വയ്ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവാത്തത് സംശയകരമാണ്. കോര്‍പറേറ്റുകള്‍ക്കും ഹുണ്ടികക്കാര്‍ക്കും നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് നേരത്തെ അറിവു ലഭിച്ചിരിന്നുവെന്ന സൂചനയാണിത് നല്‍കുന്നത്. സംസ്ഥാനങ്ങളേയും പ്രതിസന്ധിയേയും സ്പര്‍ശിക്കാന്‍ പോലും മോഡി തയ്യാറായില്ല. ശമ്പളദിനം അടുത്ത സമയത്ത് 24,000 രൂപപോലും ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുമെന്ന് ഉറപ്പുപറയാന്‍ പ്രധാനമന്ത്രിക്കാവുന്നില്ല. നവംബറിനേക്കാള്‍ കറന്‍സി ക്ഷാമം രൂക്ഷമാകാനാണ് പോകുന്നത്. തന്റെ ഹിമാലയന്‍ വിഡ്ഡിത്തം സമ്പദ്ഘടനക്ക് ഏല്‍പ്പിച്ച പരിക്ക് തിരിച്ചറിയാനാവാതെ കാട്ടിക്കൂട്ടലുകള്‍ നടത്തുകയാണ് മോഡി.

2008ലെ മാന്ദ്യത്തില്‍ ഒന്നര ശതമാനമായിരുന്നു വളര്‍ച്ചാനിരക്കിലെ കുറവ്. ഇപ്പോഴത് രണ്ട് ശതമാനമാകുമെന്ന് റിസര്‍വ് ബാങ്കും വിദഗ്ധരും പറയുന്നു. രാജ്യത്തിന്റെ ക്രയശേഷി മുഴുവന്‍ വലിച്ചെടുത്ത് കമ്പോളത്തില്‍ മുരടിപ്പ് സൃഷ്ടിച്ചിരിക്കയാണ്. ഈ പ്രസംഗത്തോടെ സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ നടത്തിയ ഇടപെടലുകള്‍ അടിസ്ഥാനരഹിതമാണെന്നും തെളിഞ്ഞു. സഹകരണബാങ്കുകള്‍ വായ്പ നല്‍കണമെന്ന് പറയുമ്പോഴും പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് പണം ലഭ്യമാക്കാനുള്ള ഒരു നടപടിയും പ്രഖ്യാപിച്ചില്ല. കേരളത്തിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം ലഭിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.

