മൂന്നു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ആന്ധ്ര സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

ആലപ്പുഴ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ ആന്ധ്ര സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്ര സ്വദേശിയായ ചിന്നപ്പന്(75) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വീട്ടുകാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ഓടിയയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടുകയായിരുന്നു.
പാണാവള്ളി പഞ്ചായത്ത് ആറാംവാര്‍ഡില്‍ കൃപയില്‍ സജീവന്റെ മകനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി പരാതി. രാവിലെ അരയന്‍കാവ് ക്ഷേത്രപ്രദേശത്ത് എത്തിയെന്നു പറയപ്പെടുന്ന ഇയാള്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പത്തുരൂപ കാട്ടി അടുക്കലേക്കു വിളിക്കാന്‍ ശ്രമിച്ചു. തലേദിവസം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വന്നതു പിതാവ് കാട്ടിയിരുന്നതിനാല്‍ കുട്ടി ഭയപ്പെട്ടു നിലവിളിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൂച്ചാക്കല്‍ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

ഇയാളുടെ പക്കല്‍നിന്ന് ഒന്‍പതിനായിരം രൂപ, ഉപയോഗിച്ചു കഴിഞ്ഞ നാല് ഐസ്ക്രീം ബോളുകള്‍, രണ്ട് ബിങ്കോ, ചവണ, ബ്ലേഡുകള്, പുതിയ നൂറോളം മുള്ളാണികള്‍ എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച സ്റ്റേഷന് അതിര്‍ത്തിയില്‍ നിരവധി വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചതിനെത്തുടര്‍ന്നു പരിഭ്രാന്തിയിലായിരുന്നു നാട്ടുകാര്‍.

