മൂരാട് പാലത്തില്‍ യാത്രാക്ലേശം രൂക്ഷമാവുന്നു
പയ്യോളി: മൂരാട് പാലത്തില്‍ യാത്രാക്ലേശം അനുദിനം രൂക്ഷമാവുന്നു. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗത കുരുക്ക് വ്യാഴാഴ്ച രാത്രിയും തുടരുകയാണ്. പാലത്തിൻ്റെ തെക്കുഭാഗത്ത് ഒന്നര കിലോ മീറ്റോളം പിന്നിട്ട് ഇരിങ്ങല്‍ വരെയും, മറുഭാഗത്ത് പാലോളിപ്പാലം വരെയുമാണ് ഒരു ദിവസം മുഴുവന്‍ വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടത്.

പാലത്തിൻ്റെ വടക്കു ഭാഗത്ത് ദേശീയപാത വികസന പ്രവൃത്തികള്‍ നടക്കുന്നത് കാരണം വളരെ പരിമിതമായ സ്ഥലം മാത്രമാണ് നിലവിലെ പാതയിലൂടെ വാഹനങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. ഇതു കാരണം പാലോളിപ്പാലം മുതല്‍ വാഹനങ്ങള്‍ മൂരാട് പാലം കഴിയുന്നത് വരെ ഇഴഞ്ഞാണ് നീങ്ങുന്നത്. പോരാത്തതിന് ഇടുങ്ങിയ പാലത്തിൻ്റെ ഉപരിതലം പൂര്‍ണമായും പൊട്ടിത്തകര്‍ന്നിരിക്കുകയാണ്. ഇതുകാരണം ഇരുഭാഗത്തേക്കുമുള്ള പാലം വഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗത കുറയുമ്ബോള്‍ വന്‍ ഗതാഗതക്കുരുക്കാണ് പയ്യോളി ഭാഗത്തേക്കും വടകര ഭാഗത്തേക്കും നീളുന്നത്. അതേസമയം, ദീര്‍ഘദൂര വാഹനങ്ങള്‍ മണിയൂര്‍ വഴി തിരിച്ചുവിടാന്‍ വടകര, പയ്യോളി പരിധിയിലുള്ള പൊലീസ് അധികാരികള്‍ ശ്രമിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.


പാലത്തിൻ്റെ തെക്കുഭാഗത്ത് ഗതാഗതം നിയന്ത്രിക്കാന്‍ വേണ്ടത്ര ട്രാഫിക് പൊലീസ് ഇല്ലാത്തതും കുരുക്കുമുറുകി താളം തെറ്റാന്‍ കാരണമാവുന്നു. രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ കുരുക്കില്‍പെട്ട് ഏറെ സമയം കഴിഞ്ഞാണ് പാലത്തിൻ്റെ മറുഭാഗത്ത് എത്തുന്നത്. പലപ്പോഴും നാട്ടുകാരും വാഹനങ്ങളിലും ഉള്ളവരാണ് ആംബുലന്‍സുകളെ കടത്തിവിടാന്‍ സഹായിക്കുന്നത്. പുതിയ പാലത്തിൻ്റെ പ്രാരംഭ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുന്നത് കാരണം അഴിയാ കുരുക്കില്‍ നിന്നുള്ള മോചനം ഇനിയും നീളാനാണ് സാധ്യത.

