മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പരിസ്ഥതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന വകുപ്പ് നേരത്തെ അനുമതി നല്‍കിയിരുന്നു. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതിനായി അനുമതി നല്‍കിയത്.
ഇപ്പോള്‍ പുതിയ ഡാമിനായി തമിഴ്നാടുമായി ധാരണയിലെത്തിയെന്നും ഡാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിന് പുറമെ എയ്ഡഡ് സ്കൂള്‍ നിയമനം, കെഎം ബഷീര്‍ കൊലപാതകം, തുടങ്ങിയ വിഷയത്തിലും മുഖ്യമന്ത്രി നിയമസഭയില്‍ ഉത്തരം പറഞ്ഞു.

പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജനപദ്ധതിയോടുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. മോട്ടോര്‍വാഹന ഭേദഗതി നിയമം നിലവില്‍ വന്നശേഷം ഒരാഴ്ചക്കിടെ മാത്രം 6 കോടി 66 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഗതാഗതമന്ത്രി അറിയിച്ചു.

മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമന് ഉദാസീനമായും അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് മന്ത്രി എ കെ ശശീന്ദ്രന് മറുപടി നല്‍കിയത്. എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

