മുന്‍ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുന്‍ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാര്‍ത്ഥിനി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. ആരോപണത്തിന്റെ ശരി തെറ്റുകളെ കുറിച്ച് അഭിപ്രായപ്പെടുന്നില്ലെന്നും സുപ്രീംകോടതി. പെണ്കുട്ടിയെ കാണാതായ സമയത്ത് സ്വമേധയാ എടുത്ത കേസില്‍ ആണ് ഉത്തരവ്
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്. എസ്. നിയമ കോളേജ് വിദ്യാര്‍ത്ഥിനി ആണ് മുന്‍ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ ഫേസ്ബുക്കിലൂടെ പീഡന ആരോപണം ഉന്നയിച്ചത്. തൊട്ട് പിന്നാലെ പെണ്കുട്ടിയെ കാണാതായി. പിന്നീട് രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. സുപ്രീംകോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാക്കിയ പെണ്കുട്ടിയെ വിശദമായി കേട്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ആരോപണം അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

പെണ്കുട്ടിയുടെ ആരോപണത്തിലെ ശരി തെറ്റുകളെ കുറിച്ച് കോടതി അഭിപ്രായപ്പെടുന്നില്ലെന്നും ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷ ആയ ബഞ്ച് വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് മാറ്റി പകരം എല്‍ എല്‍ എം ഉള്ള മറ്റൊരു കോളേജില്‍ സൗകര്യം ഒരുക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് സുപ്രീംകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

