KOYILANDY DIARY.COM

The Perfect News Portal

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് മറവി രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഫെര്‍ണാണ്ടസ്. എന്‍ഡിഎയുടെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെയും അടിയന്തിരാവസ്ഥയുടെയും കടുത്ത വിമര്‍ശകനായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്.

തീപ്പൊരി പ്രസംഗങ്ങളിലൂടെ അന്നത്തെ യുവാക്കളുടെ ആകെ ആവേശമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. തെക്കേ ഇന്ത്യയില്‍ ജനിച്ച്‌, മുംബൈയില്‍ രാഷ്ട്രീയം പഠിച്ച്‌, ഗംഗാതടത്തില്‍ പയറ്റിത്തെളിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.

ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോളയുള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്ബനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി,

Advertisements

ആര്‍എസ്‌എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്റേത്. സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കിയ റെയില്‍വേ സമരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

എന്നാല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ രണ്ടാം ഘട്ടം എന്ന് പറയുന്നത് അദ്ദേഹം ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നതിലൂടെയാണ്. അധികാരം പിടിക്കാന്‍ മറ്റ് കക്ഷികളെയും ഒപ്പം നിര്‍ത്താന്‍ താല്‍പര്യം കാണിച്ച വാച്പയ് ഗവണ്‍മെന്‍റില്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായി പിന്നീട് വിവിധ മന്ത്രിസഭകളില്‍ റെയില്‍വേ, വ്യവസായ വകുപ്പുകളും കൈകാര്യം ചെയ്തു. എന്‍ഡിയെയുടെ സ്ഥാപക നേതാവും കണ്‍വീനറുമായിരുന്നു അദ്ദേഹം.

പ്രതിരോധമന്ത്രിയായിരിക്കെ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട രണ്ട് അ‍ഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ സമൂഹത്തില്‍ അദ്ദേഹത്തെ നിഷ്പ്രഭനാക്കി. ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് എല്ലാ കാലത്തും കറുത്ത പാടായ തെഹല്‍ക്ക സ്റ്റിംഗ് ഓപ്പറേഷനും, ശവപ്പെട്ടി കുംഭകോണവും ഉള്‍പ്പെടെയുള്ള അ‍ഴിമതി കേസുകള്‍ ഉയര്‍ന്നുവന്നത് ഇദ്ദേഹം പ്രതിരോധമന്ത്രിയായിരിക്കെയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *