മുത്താമ്പി ഫെസ്റ്റ് ഏപ്രിൽ 7,8,9 തീയ്യതികളിൽ

കൊയിലാണ്ടി: വോയ്സ് ഓഫ് മുത്താമ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന മുത്താമ്പി ഫെസ്റ്റിന് ഏപ്രിൽ 7ന് തുടക്കമാകും. നിരവധി കലാ-സാംസ്ക്കാരിക പരിപാടികളുടെ മൂന്ന് ദിനരാത്രങ്ങൾ നാടിന് സമ്മാനിച്ച്കൊണ്ടാണ് സംഘാടകർ പരിപാടികൾ തയ്യാറാക്കിയിട്ടുളളത്.
കഴിഞ്ഞ 5 വർഷക്കാലമായി പ്രദേശത്തെ സേവന തൽപ്പരരായ യുവാക്കളുടെ കൂട്ടായ്മയിൽ നിന്നാണ് സാമൂഹ്യ-സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കൂട്ടായ്മക്ക് നേതൃത്വം കൊടുത്തു വരുന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെളളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രശസ്ത നോവലിസ്റ്റ് ഖദീജ മുംതാസ് നിർവ്വഹിക്കും.

തുടർന്ന് ബോധവൽക്കരണ ക്ലാസും, റെഡ് ഐയുടെ ടെലിഫിലിമും, വിവിധ കലാ പരിപാടികളും നടക്കും.

എട്ടാം തീയ്യതി ശനിയാഴ്ച 5 മണിക്ക് വോയ് ഓഫ് മുത്താമ്പിയുടെ രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം മുല്ലപ്പളളി രാമചന്ദ്രൻ എം.പി നിർവ്വഹിക്കും. പരിപാടിയുടെ ഭാഗമായി കാരുണ്യ ഹസ്തം വസ്ത്ര ശേഖരണം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കും. തുടർന്ന് പ്രാദേശിക കലോത്സവം നടക്കും.

ഏപ്രിൽ 9 ഞായറാഴ്ച 5 മണിക്ക് സാംസ്ക്കാരിക ഘോഷയാത്ര കൊയിലാണ്ടി എം. എൽ.എ. കെ.ദാസന്റെ അധ്യക്ഷതയിൽ എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് യു. കെ. കുമാരനെ അനുമോദിക്കും.
