മിക്കതും പാളി; അഭിപ്രായ സര്‍വേ ഫലം വിശ്വസനീയമല്ലെന്ന് മുന്‍കാല അനുഭവം

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് മുമ്ബുള്ള അഭിപ്രായ സര്‍വേ ഫലം വിശ്വസനീയമല്ലെന്ന് മുന്‍കാല അനുഭവം തെളിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്ബ് പുറത്തുവിട്ട സര്‍വേ ഫലം തന്നെ ഇക്കാര്യം അടിവരയിടുന്നതാണ്.
2016 ഏപ്രിലില്‍ ഏഷ്യാനെറ്റ് ന്യൂസ് –സീഫോര്‍ സര്‍വേ എന്ന ഏജന്‍സിയുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി രണ്ടുതവണയാണ് സര്‍വേ നടത്തിയത്. മാര്‍ച്ചില്‍ നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫിന് 77 മുതല്‍ 82 വരെ സീറ്റാണ് പ്രവചിച്ചത്. യുഡിഎഫിന് 55 മുതല്‍ 60 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും കിട്ടുമെന്നായിരുന്നു പ്രവചനം. ഏപ്രിലിലെ സര്‍വേയിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.
പക്ഷേ, ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 91 ഉം യുഡിഎഫിന് 47ഉം ബിജെപിക്ക് ഒരുസീറ്റുമാണ് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയില്‍ പറഞ്ഞതിനെക്കാള്‍ പത്തിലേറെ സീറ്റ് എല്‍ഡിഎഫിന് കൂടുതല്‍ കിട്ടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ഏഷ്യാനെറ്റ്–സീ-ഫോര്‍ സര്‍വേ പ്രവചനം അനുസരിച്ചായിരുന്നില്ല ജനവിധി. 2011 ലൈ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഇതേ ഗ്രൂപ്പ് പ്രവചിച്ച സീറ്റുകളായിരുന്നില്ല ലഭിച്ചത്.

2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടൈംസ് നൗ യുഡിഎഫിന് 17 സീറ്റ് കിട്ടുമെന്നാണ് സര്‍വേയില്‍ പ്രവചിച്ചത്. പക്ഷേ, ഫലം വന്നപ്പോള്‍ അഞ്ച് സീറ്റ് കുറഞ്ഞു. 2004ല്‍ യുഡിഎഫിന് 14 സീറ്റാണ് സര്‍വേ പ്രവചിച്ചത്. കിട്ടിയതാകട്ടെ ഒരു സീറ്റും. അന്ന് എല്‍ഡിഎഫിന് ആറുസീറ്റ് പ്രവചിച്ച സ്ഥാനത്ത് ഫലംവന്നപ്പോള്‍ 18 സീറ്റായി. 2019ലെ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപനം നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫ് –9 യുഡിഎഫ് 11 എന്നാണ് പ്രചവനം.

കഴിഞ്ഞതവണ ഏഷ്യാനെറ്റ് സീഫോര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇത്തവണ ബംഗളൂരുവിലെ എ–ഇസഡ് റിസര്‍ച്ച് പാര്‍ട്ണേര്‍സ് എന്ന സ്ഥാപനമാണ് പങ്കാളി. സര്‍വേയില്‍ പങ്കെടുത്തുവെന്ന് പറയുന്നവരില്‍ 58 ശതമാനംപേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മതിപ്പാണ് പ്രകടിപ്പിച്ചത്. ഇതില്‍ 16 ശതമാനംപേര്‍ വളരെ നല്ലതാണെന്നും അഭിപ്രായപ്പെട്ടു. പ്രളയ പുനരധിവാസത്തെക്കുറിച്ചും 56 ശതമാനംപേര്‍ നല്ല അഭിപ്രായം രേഖപ്പെടുത്തി.

