മാനവ സമൂഹത്തെ ഒന്നിപ്പിക്കുവാന്‍ കലയ്ക്ക് മാത്രമേ കഴിയൂവെന്ന് ബാബു പറശ്ശേരി

രാമനാട്ടുകര: മാനവ സമൂഹത്തെ ഒന്നിപ്പിക്കുവാന്‍ കലയ്ക്ക് മാത്രമേ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കലക്കും,സംഗീതത്തിനും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. സാംസ്കാരിക രംഗത്ത് ഏറെ അസഹിഷ്ണുതകള്‍ വളര്‍ന്നു വരുന്ന കാഴ്ചയാണ് നാം കാണുന്നത് . രാമനാട്ടുകരയിലെ കലാ-സാഹിത്യ-സാമൂഹ്യ മണ്ഡലത്തില്‍ നിറഞ്ഞു നില്ക്കുന്ന നാദം മ്യൂസിക് അക്കാദമിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന ദശവാര്ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പര സ്നേഹവും വിശ്വാസവും കുറഞ്ഞു വരുന്നതായും ഇതിന്റെ പേരില്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് ചിലര്‍ വിലങ്ങു തടിയായി നില്ക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാകാരന്മാരും കലാസ്വാദകരും ഒരേപോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മക്കളെയും കലാ രംഗത്തേക്ക് എത്തിക്കണമെന്നും പറശ്ശേരി പറഞ്ഞു. രാമനാട്ടുകര നഗരസഭാ ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പരത്തുള്ളി രവീന്ദ്രന്, ഡോ.ഗോപി പുതുക്കോട്, മണ്ണൂര്‍ പ്രകാശന്, അബ്ദു രാമനാട്ടുകര, കോഴിക്കോട് അപ്പുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍മാരായ രാജന് പുല്‍പ്പറമ്പില്‍, എം.വിനീത , ടി.പി. ശശിധരന്, എം.പവിത്രന്, പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സ്ക്കൂള് യുവജനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ കെ.സുന്ദര്‍ രാജ് സ്വാഗതവും മധു പാലാശ്ശേരി നന്ദിയും പറഞ്ഞു .

