മലയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി-മധുര ദേശീയ പാതയില് വന് തോതില് മലയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലുണ്ടായിരുന്ന നിരവധി കടകള് മണ്ണിനടിയില്പ്പെട്ടു. ഞായറാഴ്ച അര്ധരാത്രിയോടെയാണ് വന് പാറകളും മണ്ണും റോഡിലേക്ക് പതിച്ചത്. സംഭവ സമയത്ത് വാഹന ഗതാഗതം ഇല്ലാതിരുന്നത് മൂലം അപകടം ഒഴിവായി.
200 മീറ്റര് നീളത്തിലാണ് മലയിടിഞ്ഞത്. ദേശീയപാത 85 ന്റെ നവീകരണ പ്രവര്ത്തനത്തിന്റെ ഭാഗമായ ജോലികള് നടന്നുവരികയായിരുന്നു. 381 കോടി രൂപ ചെലവില് മൂന്നാര് മുതല് പൂപ്പാറ വരെയാണ് പണികള് നടക്കുന്നത്.
തടസം നീക്കം ചെയ്ത് പഴയ രീതിയില് ഗതാഗതം പുനസ്ഥാപിക്കാന് രണ്ടാഴ്ചയോളം വേണ്ടിവരുമെന്ന് അധികൃതര് പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്ന്ന് പൂപ്പാറയില് നിന്നും മൂന്നാറിലേക്കുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു.
