KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 13.12 ലക്ഷം വോട്ടര്‍മാരാണ് ബുധനാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തുന്നത്. മിക്ക സ്ഥലങ്ങളിലും രാവിലെ മുതല്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് . അതേസമയം തകരാര്‍ മൂലം 12 വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

രാവിലെ പത്തുവരെ കൊണ്ടോട്ടി -17.5, മഞ്ചേരി -26.47, ,പെരിന്തല്‍മണ്ണ-18.3,മങ്കട-20,മലപ്പുറത്ത് 23.1, വേങ്ങര-24.3,വള്ളിക്കുന്ന് -21.4 ,എന്നിങ്ങനെയാണ് പോളിംഗ് .

മുസ്ളിം ലീഗ് എംപി ആയിരുന്ന ഇ അഹമ്മദിന്റെ മരണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസലും യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും  തമ്മിലാണ് പ്രധാന പോരാട്ടം.

Advertisements

കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യുഡിഎഫും മുന്നിട്ടിറങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശ്വേജ്ജ്വലമായിരുന്നു. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 പേരാണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. ഇവരില്‍ 1478 പേര്‍ സര്‍വീസ് വോട്ടര്‍മാരും 955 പുരുഷന്മാരും 51 സ്ത്രീകളുമടക്കം 1006 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറിന് വരിയില്‍ നില്‍ക്കുന്നവര്‍ക്ക് സമയം വൈകിയാലും വോട്ട് ചെയ്യാം. 17-നാണ് വോട്ടെണ്ണല്‍. മൂന്ന് പാര്‍ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്.

വോട്ടെടുപ്പിന് 1175 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരുമുണ്ടാകും. 1200-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും. 1175 പ്രിസൈഡിങ് ഓഫീസര്‍മാരും 3525 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 4700-ലധികം പേര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകും.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിന് 1175 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 50 ശതമാനം റിസര്‍വ് മെഷീനുകളുമുണ്ട്. ആകെ 1760 വോട്ടിങ് മെഷീനുകളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ 10 എന്‍ജിനീയര്‍മാരെ വിന്യസിച്ചു. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍.

 

Share news

Leave a Reply

Your email address will not be published. Required fields are marked *