മലപ്പുറം : മലപ്പുറം എടവണ്ണയില്‍ ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍സ്ഥലത്ത് സംഘര്‍ഷാവസ്ഥ. സമരക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എടവണ്ണ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്ഥലത്ത് ആരംഭിക്കുന്ന ടാര്‍ മിക്സിങ് യൂണിറ്റിനെതിരെ ഇന്നലെ വൈകുന്നേരം നാട്ടുകാര്‍ ഒന്നായി രംഗത്തെത്തിയിരുന്നു. ടാര്‍ മിക്സിങ് യൂണിറ്റിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയും വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് രംഗത്തെത്തിയത്. നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഈ ബഹളത്തിനിടെയാണ് നെല്ലാണി പാണരുകുന്നില് അയ്യപ്പനെ കാണാതായത്. ലാത്തിചാര്‍ജിനെ തുടര്‍ന്ന് ഭയന്ന് ഓടുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് അയ്യപ്പന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ നിന്നും കണ്ടെടുത്ത്.