KOYILANDY DIARY.COM

The Perfect News Portal

മങ്കിപോക്‌‌സ്: എസ്.ഒ.പി പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ (എസ്ഒപി) പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്ഒപി പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ രോഗബാധിത രാജ്യങ്ങളിൽ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തിൽ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളർച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മങ്കിപോക്‌സാണെന്ന് സംശയിക്കണം.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവർത്തകരുൾപ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ് വരുന്നത്. പിസിആർ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകൾ വെവ്വേറെയായി ഐസൊലേഷനിൽ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്‌ത ശേഷം ജില്ലാ സർവൈലൻസ് ഓഫീസറെ (ഡിഎസ്ഒ) ഉടൻ അറിയിക്കണം. ഇതോടൊപ്പം എൻഐവി പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിളുകൾ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകൾ ലാബിൽ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.

ഐസൊലേഷൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികളെ അവർ ആവശ്യപ്പെട്ടാൽ മാത്രം സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യണം. ഐസൊലേഷൻ സൗകര്യമുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാവൂ. ഡിഎസ്ഒയ്ക്ക് ശരിയായ വിവരം നൽകി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം റഫറൽ ചെയ്യേണ്ടത്. മങ്കിപോക്‌സ് സ്ഥിരീകരിച്ച കേസുകൾ, കേന്ദ്രത്തിന്റെ കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. മങ്കിപോക്‌സ് ബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, സംസ്ഥാന മെഡിക്കൽ ബോർഡുമായി ബന്ധപ്പെടേണ്ടതാണ്.

Advertisements


Share news

Leave a Reply

Your email address will not be published. Required fields are marked *