ഭീമന്‍ കുരിശും കമ്പിവേലിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി

മൂന്നാര്‍: ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കമ്പിവേലിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി.
കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാപ്പാത്തിച്ചോല, സൂര്യനെല്ലി എന്നീ സ്ഥലങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ പി.കെ സാജുവിന്റെ നതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ഒഴിപ്പിക്കലിനിടെ സംഘര്‍ഷം മുന്നില്‍ക്കണ്ട് പാപ്പാത്തിച്ചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ പൊലീസടക്കം വന്‍ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പുലര്‍ച്ചെ നാലു മണിയോടെ മണ്ണുമാന്തിയന്ത്രവും ട്രാക്ടറും ഉള്‍പ്പെടെ സകല സന്നാഹങ്ങളോടും കൂടിയാണ് ദൗത്യസംഘം കൈയേറ്റ ഭൂമിയിലെത്തിയത്. രാവിലെ എട്ടു മണിയോടു കൂടിയാണ് കുരിശ് പൊളിച്ചു നീക്കാന്‍ തുടങ്ങിയത്.

കൃത്യമായ വഴിയില്ലാത്തതിനാല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിവെട്ടിയാണ് സംഘം സ്ഥലത്തെത്തിച്ചേര്‍ന്നത്. ഇതിനിടെ വാഹനങ്ങള്‍ കുറുകെയിട്ടും മറ്റും വഴിമധ്യേ ചിലര്‍ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ നീക്കി. മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘം പാപ്പാത്തിച്ചോലയില്‍ എത്തുന്നത്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഓഫ് ജീസസ് എന്ന സംഘടന ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചത്. 15 അടിയോളം ഉയരമുള്ള കുരിശാണ് കോണ്‍ക്രീറ്റ് അടിത്തറയില്‍ സ്ഥാപിച്ചിരുന്നത്. ഇതിനോടൊപ്പം രണ്ട് താല്‍കാലിക ഷെഡുകളും നിര്‍മിച്ചിരുന്നു. രണ്ടായിരത്തോളം ഏക്കര്‍ വരുന്ന പ്രദേശത്താണ് കുരിശ് സ്ഥാപിച്ച് ആധ്യാത്മിക ടൂറിസം നടത്താന്‍ സ്പിരിറ്റ് ഓഫ് ജീസസ് നീക്കം നടത്തിയത്.
