ബോട്ട് കടലിൽ കുടുങ്ങി കോസ്റ്റ് ഗാർഡ് രക്ഷക്കെത്തിയില്ല

കൊയിലാണ്ടി: യന്ത്രതകരാറിനെ തുടർന്ന് പുറംകടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന 10 പേരെ പുതിയാപ്പയിൽ നിന്നും എത്തിയ മൽസ്യതൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. പയ്യോളി കടപ്പുറത്ത് കരയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ പുറംകടലിലാണ് ബോട്ട് കുടുങ്ങിയത്. പുതിയാപ്പയിൽ നിന്നും മൽസ്യബന്ധനത്തിന് പോയ ചിങ്കാളി എന്ന ബോട്ടാണ് യന്ത്രതകരാർ കാരണം പുറംകടലിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കടലിൽ നിന്നും വെളിച്ചം കണ്ടതിനെ തുടർന്നാണ് മൽസ്യതൊഴിലാളികൾ കൊയിലാണ്ടി തഹസിൽദാർ, ജില്ലാ കലക്ടർ തുടങ്ങിയവരുമായി ബന്ധപ്പെടുകയും, കോസ്റ്റ് ഗാർഡിനെയും വിവരമറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും മൽസ്യതൊഴിലാളികളുടെ ജീവൻ തന്നെ അപകടത്തിൽപെട്ടിട്ടും രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്തിയില്ല.

പുലർച്ചെ നാലു മുതൽ വിവരമറിയിച്ചിരുന്നതായി ഭാരതീയ മൽസ്യ പ്രവർത്തക സംഘം സെക്രട്ടറി സി.വി.അനീഷ് പറഞ്ഞു. പത്ത് മണിയോടെ കൊയിലാണ്ടി തഹസിൽദാർ പി.പ്രേമൻ എത്തിയെങ്കിലും, തൊഴിലാളികൾ സംസാരിക്കാൻ തയ്യാറായില്ല. അപ്പോഴേക്കും കടലിലെ കാറ്റും കോളും അടങ്ങിയതിനാൽ പുതിയാപ്പയിൽ നിന്നും മൽസ്യതൊഴിലാളികൾ രണ്ട് ബോട്ടുകളിലായി എത്തി തകരാറിലായ ബോട്ടിനെ പുതിയാപ്പയിലേക്ക് കെട്ടി വലിച്ചുകൊണ്ടു പോവുകയായിരുന്നു. പയ്യോളി പോലീസും, വില്ലേജ് അധികൃതരും സംഭവമറിഞ്ഞ് എത്തിയിരുന്നു.

