ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ച കേസില്‍ നാലു പേരെ പോലീസ് പിടികൂടി

കോട്ടയം:പാലായിലും സമീപ പ്രദേശങ്ങളിലുമായി ബൈക്കില്‍ കറങ്ങി നടന്ന് നിരവധി പേരുടെ മാല പൊട്ടിച്ച കേസില്‍ നാലു പേരെ പാലാ പോലീസ് പിടികൂടി. മീനച്ചില്‍ കാഞ്ഞുമലക്കുന്നേല് പ്രതീഷ് (24), പാലാ വെള്ളിയേപ്പള്ളി പടിഞ്ഞാറെകുറ്റിയില്‍ ബിബിന്‍ ബാബു (23), പാലാ നായ്ക്കാനത്തില് അജി സെബാസ്റ്റ്യന്‍ (24), രാമപുരം മൂലയില്‍ ബേബി ജോസഫ് (60) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരില്‍ പ്രതീഷ്, ബിബിന്‍, അജി എന്നിവര്‍ ചേര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ വെച്ച് വയോധികരായ നിരവധി പേരുടെ മാല പൊട്ടിച്ചതും മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം പിടികൂടിയ ബേബിയാണ് മോഷ്ടിക്കുന്ന സ്വര്‍ണം വില്പന നടത്താന്‍ പ്രതികളെ സഹായിച്ചിരുന്നത്. കെഴുവംകുളം, പാലാ, തോടനാല്‍, പൈക, ഉഴവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ മാല പൊട്ടിച്ചത്. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. പാലാ സിഐ രാജന് കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.

