ബിജെപിക്ക് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ടത് കനത്ത തോല്‍വി

മലപ്പുറം > കേരളം പിടിക്കാന്‍ പടപ്പുറപ്പാടിന് ആഹ്വാനം ചെയ്ത ബിജെപിക്ക് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ടത് കനത്ത തോല്‍വി. കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ഇരട്ടി വോട്ട് പിടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപിക്ക് ഇക്കുറി അധികം പിടിക്കാനായത് വെറും 970 വോട്ടുകള്‍ മാത്രം.
ബീഫ് വിഷയത്തിലെ പാര്‍ടി നിലപാടുപോലും മിതപ്പെടുത്തി അവതരിപ്പിച്ചും കേന്ദ്രഭരണത്തിന്റെ പകിട്ട് ഉപയോഗപ്പെടുത്തിയും നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപിയുടെ പ്രതീക്ഷ തകര്‍ത്തു മലപ്പുറം ഉപതെരഞ്ഞെടുപ്പ്. മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുതിപ്പ് കണ്ടെത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യം.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെ ക്യാമ്പ് ചെയ്ത് പ്രചരണം കൊഴുപ്പിച്ചു. 90,000 വോട്ടിനു മുകളില്‍ നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വിലയിരുത്തിയത്.

2014ല്‍ 64,705 വോട്ട് നേടിയ ബിജെപി ഇക്കുറി 65,675 വോട്ടാണ് കിട്ടിയത്. 970 വോട്ടുകള്‍ അധികം. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ഗണ്യമായ നേട്ടം ഉണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 1,01,323 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 77607 വോട്ടുകളാണ് യുഡിഎഫ് നേടിയത്.

