ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അപകടനില തരണംചെയ‌്തശേഷംമാത്രമേ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും. വെന്റിലേറ്ററിലാണ‌് ബാലഭാസ‌്കര്‍. തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട‌്. കഴിഞ്ഞ ദിവസം കഴുത്തിലെ ശസ‌്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അബോധാവസ്ഥയിലാണ‌് ബാലഭാസ‌്കര്‍. കാലുകള്‍ക്കും ശസ‌്ത്രക്രിയ ആവശ്യമുണ്ട‌്. തലച്ചോറിലെ ക്ഷതം മരുന്നുകളിലൂടെ പരിഹരിക്കാനാകുമെന്ന ശുഭാപ‌്തിവിശ്വാസത്തിലാണ‌് മെഡിക്കല്‍ സംഘം.
വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥ തരണംചെയ‌്തു. ഇവര്‍ക്ക‌് ഇടയ‌്ക്കിടെ ബോധം തെളിയുന്നുണ്ട‌്. എന്നാല്‍, സ്ഥിരമായി ബോധം നില്‍ക്കുന്നില്ല. ലക്ഷ‌്മിയെയും അടിയന്തര ശസ‌്ത്രക്രിയക്ക‌് വിധേയയാക്കിയിരുന്നു. ഇവരുടെ തലച്ചോറിന‌് ചതവും ശരീരത്തിലെ വിവിധ എല്ലുകള്‍ക്ക‌് പൊട്ടലുമുണ്ട‌്. ഇടയ‌്ക്ക‌് ആന്തരിക രക്തസ്രാവമുണ്ടായെങ്കിലും പിന്നീട‌് നിയന്ത്രണവിധേയമായി. ഡ്രൈവര്‍ അര്‍ജുനന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട‌്. അര്‍ജുനന്‍ ഐസിയുവിലാണ‌്. ഇയാളുടെ കാലുകളുടെ എല്ലുകള്‍ക്ക‌് ഗുരുതരമായ പൊട്ടലുണ്ട‌്. അനന്തപുരി ആശുപത്രിയിലാണ‌് മൂവരും.

ബാലഭാസ‌്കറിന്റെയും ലക്ഷ‌്മിയുടെയും ഏക മകള്‍ തേജസ്വിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാംചെയ‌്ത‌് അനന്തപുരിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ‌്. ബാലഭാസ‌്കറിനെയും ഭാര്യയെയും കുട്ടിയെ കാണിച്ചശേഷം സംസ‌്കാരം നടത്താമെന്നാണ‌് ബന്ധുക്കളുടെ നിലവിലെ തീരുമാനം.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ‌് ക്യാമ്ബിനും താമരക്കുളത്തിനും ഇടയില്‍ ചൊവ്വാഴ‌്ച പുലര്‍ച്ചെ 4.30നായിരുന്നു നാടിനെ നടുക്കിയ അപകടം. ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ തേജസ്വിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം കഴിഞ്ഞ‌് 16 വര്‍ഷത്തിനുശേഷം ബാലഭാസ‌്കറിനും ലക്ഷ‌്മിക്കും ജനിച്ച കുഞ്ഞാണ‌് തേജസ്വിനി.

