ഫസല്‍കേസ‌് വീണ്ടും ചര്‍ച്ചയാകുന്നു; പുനരന്വേഷണത്തിന് സിബിഐ തയ്യാറാകുന്നില്ല

തലശേരി: മുഖ്യസാക്ഷി ലുലു മര്‍ജാന്റെ നിര്‍ണായക വെളിപ്പെടുത്തലോടെ ഫസല്‍കേസ് വീണ്ടും ചര്‍ച്ചയാവുന്നു. സിബിഐ എങ്ങനെയാണ് സാക്ഷികളെയും പ്രതികളെയും സൃഷ്ടിക്കുന്നതെന്നതിന്റെ തെളിവായി മാറുകയാണ് ഫസല്‍കേസ‌്. കൊന്നവര്‍ നിയമപാലകര്‍ക്ക് മുന്നില്‍ കുറ്റം ഏറ്റുപറയുകയും സാക്ഷികള്‍ സത്യം വെളിപ്പെടുത്തിയിട്ടും പുനരന്വേഷണത്തിന് സിബിഐ തയ്യാറാകുന്നില്ല. സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കുന്നതിന്റെ തെളിവുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുമ്ബോഴാണ് തലശേരി ഫസല്‍ വധക്കേസ് സാക്ഷിയുടെ വെളിപ്പെടുത്തല്‍.
മാഹി ചെമ്ബ്രയിലെ ആര്‍എസ്‌എസ്സുകാരന്‍ കുപ്പി സുബീഷ് കേരള പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയോടെ ഫസല്‍ കൊലക്കേസില്‍ സത്യം തെളിഞ്ഞതാണ്. ഇതിനുപിന്നാലെ കൊലയാളി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ സംഭാഷണവും പുറത്തുവന്നു.
സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും കുറ്റസമ്മത മൊഴിയും ഡിജിപിതന്നെ സിബിഐ മേധാവിക്ക് കൈമാറി. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ളവര്‍ കുറ്റവിമുക്തരാകുമെന്നും പുനരന്വേഷണത്തിന് സിബിഐ മുന്‍കൈയെടുക്കുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സത്യം അംഗീകരിക്കാനോ പുനരന്വേഷണം നടത്താനോ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി തയാറല്ല.

നിര്‍ണായക വെളിപ്പെടുത്തല്‍ അവഗണിക്കുന്നു

സിബിഐയെ വിശുദ്ധ പശുവായി അവതരിപ്പിക്കുന്നവരുടെ മുഴുവന്‍ കണ്ണു തുറപ്പിക്കുന്നതാണ് ഫസല്‍ കൊല്ലപ്പെടുന്നത് താന്‍ കണ്ടില്ലെന്നും നിര്‍ബന്ധിച്ച് സാക്ഷി പറയിച്ചതാണെന്നുമുള്ള ലുലു മര്‍ജാന്റെ വെളിപ്പെടുത്തല്‍. എസ്‌ഡിപിഐയും സിബിഐയും നിര്‍ബന്ധിച്ചതുപ്രകാരമാണ‌് വ്യാജമൊഴി നല്‍കിയതെന്നും ഇയാള്‍ പറയുന്നു.

