പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസ് കോടതി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല. ഹര്‍ജികള്‍ വീണ്ടും ജനുവരി 22ന് കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം അറിഞ്ഞ ശേഷമാകും കോടതി വിഷയത്തില്‍ തീരുമാനം എടുക്കുക. പുതിയ പൗരത്വ നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.
നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തമല്ല. സര്‍ക്കാര്‍ വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റേ ചെയ്യാന്‍ സാധ്യമല്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ ഹാരിസ് ബീരാന് മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം ലീഗ് ഉള്‍പ്പെടെ 60ഓളം സംഘടനകളുടെയും വ്യക്തികളുടെയും ഹര്‍ജികളാണ് പുതിയ നിയമം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ആശങ്ക മുതല്‍ തുല്യാവകാശം, വിവേചനം എന്നിവ പറയുന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനം വരെ ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികം വൈകാതെ വിശദമായ സത്യവാങ്മൂലം നല്‍കും. ജനുവരി 22ന് മുമ്പ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കണം.

കേന്ദ്രത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമാകും ജനുവരി 22ന് കോടതി ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുക. ഹര്‍ജികളില്‍ ഗൗരവമുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നാണ് ഹാരിസ് ബീരാന് പറയുന്നത്. ഹര്‍ജി പരിഗണിച്ച വേളയില്‍ തന്നെ, അഭിഭാഷകര്‍ വാദം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ, കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റേ ഹര്‍ജിയിലും നോട്ടീസ് അയച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലിനും നോട്ടീസ് നല്കി. മൂന്ന് നോട്ടീസുകളാണ് സുപ്രീംകോടതി അയച്ചത്. സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

