പ്രിയതമന് നീനു അന്ത്യയാത്രാമോഴിയേകിയത് ആ നീല ഷര്‍ട്ട് കയ്യില്‍കരുതി

കോട്ടയം: പ്രിയതമന് നീനു അന്ത്യയാത്രാമോഴിയേകിയത് ആ നീല ഷര്‍ട്ട് കയ്യില്‍കരുതി. പ്രാണനെപ്പോലെ ചേര്‍ത്തുപിടിച്ച ആ ഷര്‍ട്ടിന് അതി വൈകാരിതയുടെ കണ്ണീരുപ്പുണ്ട്.
കെവിന്റെ അന്ത്യയാത്രയിലുടനീളം അവള് നെഞ്ചോടടുക്കിപ്പിടിച്ച ഒരു ഷര്‍ട്ടുണ്ട്. ഒരു നീലഷര്‍ട്ട്. അവരുടെ പ്രണയത്തിന്റെ വഴിത്താര ബന്ധുക്കളുടെ ദുരഭിമാനത്തിനു മുന്നില്‍ മുറിഞ്ഞുപോയതിന്റെ ഹൃദയഭേദക കാഴ്ചയായിരുന്നു നീനു.

നട്ടാശേരിയിലെ വീട്ടില്‍നിന്ന് കെവിന്റെ മൃതദേഹം സംസ്കാരചടങ്ങിന് കൊണ്ടുപോകുമ്ബോള്‍ അലമുറയിട്ട് യാത്രാമൊഴി നേരുന്ന ഭാര്യ നീനു. കെവിന്റെ പിതാവ് ജോസഫ് ജേക്കബിന്റെ പിന്നില്‍
ആ നീല ഷര്‍ട്ട് നെഞ്ചോട് ചേര്‍ത്താണ് നീനു നിന്നത്. രജിസ്റ്റര്‍ വിവാഹം നടക്കുമ്ബോള്‍ ഇടാന്‍ വാങ്ങിയ പുതിയ നീല ഷര്‍ട്ടായിരുന്നു അത്. ആ ഷര്‍ട്ട് കെവിന് ധരിച്ചിരുന്നില്ല.

മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്ത്യകര്‍മങ്ങള്‍ക്കിടയില്‍ കരഞ്ഞുതളര്‍ന്ന നീനുവിന്റെ കൈയില്‍ ആ ഷര്‍ട്ട് കാണാമായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചത് മുതല്‍ വിലാപയാത്രയിലും സംസ്കാരം നടന്ന ഗുഡ് ഷെപ്പേഡ് ദേവാലയത്തിലും നീനു ആ ഷര്‍ട്ട് ഒപ്പം കരുതിയിരുന്നു.

മരണമറിഞ്ഞതു മുതല്‍ നീനുവിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന കെവിന്റെ പിതാവ് ജോസഫും അന്ത്യനിമിഷങ്ങളില്‍ നിയന്ത്രണംവിട്ടതോടെ കോട്ടയം നട്ടാശേരി വട്ടപ്പാറ വീട് കണ്ണീരിലമര്‍ന്നു.
മൃതദേഹത്തിലേക്ക് വീണുകിടന്ന് കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു.
കെവിന്റെ മാതാവ് മേരിയുടെയും സഹോദരി കൃപയുടെയും ശബ്ദം അലമുറകളായി. ഇത് കണ്ടുനിന്ന കണ്ണുകളെല്ലാം നനഞ്ഞു.
