പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവ ക്ഷീര കർഷകൻ മെഹബൂബിന്റെ കൈത്താങ്ങ്

ദുരിതാശ്വാസ നിധിയിലേക്ക് യുവ ക്ഷീര കർഷകൻ മെഹബൂബ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന് തുക കൈമാറുന്നു
കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവ ക്ഷീര കർഷകൻ മെഹബൂബിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് കൊയിലാണ്ടിയിലെ യുവ ക്ഷീര കർഷകൻ എ. വി. ഹൗസിൽ എ. വി. മൈഹബൂബ് ഒരു മാസത്തെ പാലിന്റെ വരുമാനം കൈമാറിയത്. പന്തലായനി പാൽ സൊസൈറ്റി സെക്രട്ടറി രമ്യ സി. കെ. മുമ്പാകെ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ തുക ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള 2016ലെ അവാർഡ് കരസ്ഥമാക്കിയ മെഹബൂബ് സി.പി.ഐ(എം) ബീച്ച് നോർത്ത് ബ്രാഞ്ച് അംഗംകൂടിയാണ്. പാൽ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ടി. പി. രാമദാസ്, പി. എം. ബിജു, എൽ. എസ്. ഋഷിദാസ്, രഘുറാം, ജലീൽ മൂസ്സ, ഷാജി അബിൻ എന്നിവവർ സംബന്ധിച്ചു.
കൊയിലാണ്ടി ടൗണിലെ സൈൻ കഫേ ഹോട്ടലിന്റെ ഉടമസ്ഥനായ മെഹബൂബ് ഒരു ജീവകാരുണ്യ പ്രവർത്തകൻകൂടിയാണ്. കഴിഞ്ഞ വർഷം കൊയിലാണ്ടി ലോറി സ്റ്റാന്റ് പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ 25000 രൂപ പേഴ്‌സിലുണ്ടായിരുന്ന അഡ്രസ്സ് പരിശോധിച്ച് ഉടമസ്ഥയായ ഹാജിറയെ അന്വേഷിച്ച് കണ്ടെത്തി ഏൽപ്പിച്ചത് ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. അത്‌പോലെ കൊയിലാണ്ടി പോസ്റ്റ്‌മോർട്ടം റൂമിനടുത്ത് നിന്ന് കളഞ്ഞ് കിട്ടിയ 8000 രൂപയും പേഴ്‌സും, അതിന്റെ ഉടമസ്ഥയായ മുചുകുന്ന് സ്വദേശിയായ ഷീജാ മനോജിനും, കോഴിക്കോട് പ്ലാനറ്റോറിയത്തിനടുത്ത് നിന്ന് വീണുകിട്ടിയ തിരുവങ്ങൂർ സ്‌കൂളിലെ ഓഫീസ് ജീവനക്കാരിയുടെ പണമടങ്ങിയ പേഴ്‌സ് തിരികെയെത്തിച്ചുകൊടുത്തതും മെഹബൂബിന്റെ ജീവിതത്തിലെ വേറിട്ട മാതൃകയായാണ് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

യാത്രചെയ്യുന്ന ഘട്ടങ്ങളിൽ പലയിടങ്ങളിൽ നിന്നായി പണവും സ്വർണ്ണാഭരണങ്ങളും മെഹബൂബിന്റെ കൺമുമ്പിൽ കിട്ടുമ്പോൾ അതിനെ ഒരു നിമിത്തമായാണ് അദ്ദേഹം കാണുന്നത്. ജീവിതത്തിൽ സ്വരുക്കൂട്ടി വെക്കുന്ന പലതും കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട് നോവുന്ന മനസുമായി നിൽക്കുന്ന പാവങ്ങൾക്ക് മുമ്പിൽ മൈഹബൂബിന് ലഭിക്കുന്നത് ഒരു ദൈവത്തിന്റെ പരിവേഷവും. ഭാര്യയും മൂന്ന് കുട്ടികളുമുള്ള മെഹബൂബിന്റെ കുടുംബം കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് സമീപമാണ് താമസം. ചെറുപ്രായത്തിൽ തുടങ്ങിയ മെഹബൂബിന്റെ ക്ഷീര കർഷക പ്രേമം ഇപ്പോൾ 22 വർഷം പിന്നിട്ടിരിക്കുകയാണ്.

തന്റെ വീട്ടിലുള്ള ഫാമിൽതന്നെയാണ് ഇതിന്റെ പരിപാലനം കറവയുള്ള പശുക്കളെയും പോത്തിനെയും വീടുകളിൽ പരിപാലിക്കുമ്പോൾ മറ്റ് പശുക്കളെ നഗരസഭയുടെ നിബന്ധനകൾക്ക് വിധേയമായി മറ്റു സ്ഥലങ്ങളിലായണ് പരിപാലിക്കുന്നതെന്ന് മെഹബൂബ് പറയുന്നു. പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് തൊഴുത്തിലേക്ക് കയറി രണ്ട് മണിക്കൂറിലേറെ കറവയെടുത്തതിന് ശേഷം വീട്ടാവശ്യത്തിനുള്ള പാൽ മാറ്റിവെച്ച് ബാക്കി വരുന്നത് സൊസൈറ്റിലേക്ക് കൊണ്ട്‌പോകും. അതാണ് പതിവ്. പശുവിനെ മേയ്ക്കാനും കറവയെടുക്കാനുമായി 4 അന്യസംസ്ഥാന തൊഴിലാളികളും കൂട്ടിനുണ്ടാകും. ഫാമിലും തന്റെ ഹോട്ടലിലുമായി ഇരുപതോളം പേർക്ക് തൊഴിൽ കൊടുക്കുന്നു എന്ന സന്തോഷവും യുവാവായ മെഹബൂബിനെ വേറിട്ട് നിർത്തുന്നു.

കൊയിലാണ്ടിയിൽ ഡോക്സി ഡേ ആചരിച്ചു
