KOYILANDY DIARY.COM

The Perfect News Portal

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിംഗ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ക്രൗഡ് ഫണ്ടിംഗിനുളള ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ തയ്യാറായിട്ടുണ്ട്. ഈ പോര്‍ട്ടലിലേക്ക് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അവര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നല്‍കണമെന്ന് തീരുമാനിച്ചു.

ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു. ഇപ്പോഴും 66 ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,848 പേരാണ് ക്യാമ്ബുകളിലുളളത്. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു. പ്രളയത്തില്‍ വൈദ്യുതി നിലയങ്ങള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകരാറുകള്‍ എല്ലാം പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 2.21 ലക്ഷം വീടുകള്‍ക്ക് ഭാഗികമായി തകരാര്‍ പറ്റി. തകര്‍ന്ന വീടുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മ്മാണം നടത്തുമ്ബോള്‍ കൃഷിയുടെ ഉത്പ്പാദനക്ഷമത വര്‍ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. 11,618 അപേക്ഷകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചു. 7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. ഇതിലധികവും വായ്പ നല്‍കിയത് സഹകരണ ബാങ്കുകളാണ്. ജീവിതോപാധി കണ്ടെത്തുന്നതിന് ആസൂത്രണ ബോര്‍ഡ് വിവിധ പാക്കേജുകള്‍ തയ്യാറാക്കുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ഡോ വികെ രാമചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. നവംബര്‍ 1, 2 തീയതികളില്‍ ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലൈവ്‌ലിഹുഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ട്.

Advertisements

പ്രളയത്തില്‍ 3,600 ഓളം കറവ പശുക്കള്‍ ചത്തുപോയിട്ടുണ്ട്. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവര്‍ക്ക് വായ്പ ലഭ്യമാക്കാനും സഹായിക്കും. പ്രളയത്തില്‍ 114 അംഗനവാടികള്‍ പൂര്‍ണ്ണമായും ആയിരത്തോളം അംഗനവാടികള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവ പുനര്‍നിര്‍മ്മിക്കാന്‍ 90 കോടി രൂപയാണ് ഏകദേശം ചെലവ്. തകര്‍ന്ന 35 പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. പോലീസ് വകുപ്പിന്റെ 143 കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

ലോകബാങ്കുമായും എഡിബിയുമായും വായ്പ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിവരികയാണ്. നബാര്‍ഡ്, ഹഡ്‌കോ എന്നീ ഏജന്‍സികളില്‍ നിന്നും വായ്പയെടുക്കാന്‍ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ 1,740 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *