പൊഴിയുന്ന കൊന്പുകള്‍ ആയുര്‍വേദ മരുന്ന് ഉത്പാദനത്തിന് നല്‍കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : മൃഗശാലകളിലെ മൃഗങ്ങളുടെ പൊഴിയുന്ന കൊന്പുകള്‍ ആയുര്‍വേദ മരുന്ന് ഉത്പാദനത്തിന് നല്‍കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുന്നു. പ്രത്യേക കാലയളവില്‍ കൊന്പുകൊഴിക്കുന്ന മ്ലാവിന്‍റെയും പുള്ളിമാന്‍റെയും കൊന്പുകള്‍ ആയുര്‍വേദ മരുന്ന് ഉത്പാദനത്തിന് നല്‍കാന്‍ നിയമഭേദഗതി ആവശ്യപ്പെട്ടാണ് വനം വന്യജീവി വകുപ്പ് കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാല്‍ മൃഗശാലകളില്‍ സൂക്ഷിച്ചിട്ടുള്ള കൊന്പുകള്‍ ഔഷധിയ്ക്ക് കൈമാറാനാണ് തീരുമാനം. വനം വന്യജീവി വകുപ്പ് ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തു.
അതേസമയം, ഇതിനെതിരെ സുഗതകുമാരി ഉള്‍പ്പെടെയുള്ള പരിസ്ഥിതി സ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരമൊരു നിയമ ഭേദഗതി മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്നതിന് തുല്ല്യമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

നിലവില്‍ മൃഗങ്ങള്‍ പൊഴിക്കുന്ന കൊന്പുകള്‍ മൃഗശാലകളില്‍ തന്നെ സൂക്ഷിക്കുകയും ഇവ പക്ഷികള്‍ക്ക് ഇരിക്കാനായി അവയുടെ കൂടുകള്‍ക്കുള്ളില്‍ സ്ഥാപിക്കുകയാണ് പതിവ്.

