KOYILANDY DIARY

The Perfect News Portal

ഇന്ന് വൈകീട്ട് 20 ലക്ഷം പേർ മനുഷ്യച്ചങ്ങലയിൽ കൈകോർക്കും

തിരുവനന്തപുരം > രാജ്യത്തിന്റെ സമ്പദ്ഘടനയെ ഒറ്റരാത്രികൊണ്ട് സ്തംഭിപ്പിച്ച മോഡി സര്‍ക്കാരിനെതിരെ വ്യാഴാഴ്ച വൈകിട്ട് കേരളത്തിലാകെ എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനകീയപ്രതിഷേധത്തിന്റെ മഹാശൃംഖല തീര്‍ക്കും. തെക്ക് തിരുവനന്തപുരം രാജ്ഭവനില്‍നിന്ന് തുടങ്ങി വടക്ക് കാസര്‍കോട്വരെ നീളുന്ന മനുഷ്യചങ്ങലയില്‍  നാടിന്റെ നാനാമേഖലയിലുള്ള ലക്ഷങ്ങള്‍  കൈ കോര്‍ക്കും. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ വിവരണാതീതമായ ദുരിതങ്ങളാണ്  ഒന്നരമാസമായി ജനങ്ങള്‍ അനുഭവിക്കുന്നത്. അതിന്റെ അനുരണനം മനുഷ്യച്ചങ്ങലയെ ചരിത്രസംഭവമാക്കിമാറ്റും.

കലാ-സാംസ്കാരിക-കായികപ്രതിഭകളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും യുവാക്കളും അധ്യാപകരും ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കുടുംബസമേതം കണ്ണികളാകും.  സഹകരണമേഖലയെ ശ്വാസംമുട്ടിച്ചുകൊല്ലാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്കുള്ള താക്കീതുമായി  രാഷ്ട്രീയഭേദമെന്യേ നിക്ഷേപകരും സഹകരണ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്നവരും ചങ്ങലയില്‍ അണിചേരും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് ആലപ്പുഴവഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറംവഴി കാസര്‍കോട് ടൌണ്‍വരെ ദേശീയപാതയുടെ ഇടതുവശത്ത് (പടിഞ്ഞാറുഭാഗം)ലക്ഷങ്ങള്‍ കൈകോര്‍ക്കും. വയനാട്, ഇടുക്കി ജില്ലകളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക മനുഷ്യച്ചങ്ങലകള്‍ തീര്‍ത്ത് മലയോരജനതയും പ്രതിഷേധത്തില്‍ പങ്കാളിയാകും.  പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളാകും. നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് വൈകിട്ട് നാലിനുമുമ്പ് സ്ത്രീപുരുഷഭേദമെന്യേ  ഒഴുകിയെത്തും.  തുടര്‍ന്ന്  അഞ്ചിന്, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു നേരെ നടക്കുന്ന കടന്നാക്രമണങ്ങളെ ഒരേമനസ്സോടെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കും.

Advertisements

വിവിധ ജില്ലകളില്‍ മന്ത്രിമാരും എല്‍ഡിഎഫിന്റെ പ്രമുഖനേതാക്കളും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജനതാദള്‍ ദേശീയനേതാവ് നീലലോഹിതദാസന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണികളാകും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലാണ് കണ്ണിചേരുക.

 

Leave a Reply

Your email address will not be published. Required fields are marked *