പേരാമ്പ്ര ബ്ലോക്ക് ആരോഗ്യമേള
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ മേള ശനിയാഴ്‌ച പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി സ്മാരക ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30ന് ടി പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ഡോ. നാരായണൻകുട്ടി വാര്യർ ക്യാൻസർ ബോധവൽക്കരണ ക്ലാസെടുക്കും. നേത്രരോഗം, ഇഎൻടി, ജനറൽ മെഡിസിൻ, ദന്തരോഗം എന്നീ വിഭാഗങ്ങളിൽ പരിശോധനയുണ്ടാകും.

ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്, ഹരിതകർമസേന അംഗങ്ങൾക്ക് പരിശോധന, അങ്കണവാടി കുട്ടികൾക്ക് സ്ക്രീനിങ് ക്യാമ്പ്, ആയുർവേദ ഹോമിയോ ക്യാമ്പ്, ആരോഗ്യ പ്രദർശനം, കോവിഡ് വാക്സിനേഷൻ, ഐസിഡിഎസ് സ്റ്റാൾ, കാരുണ്യ ഇൻഷുറൻസ് പദ്ധതി കിയോസ്‌ക്, എച്ച്ഐവി സ്ക്രീനിങ്ങും കൗൺസലിങ്ങും, ഭക്ഷ്യപ്രദർശന സ്റ്റാളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.


മേളയുടെ പ്രചാരണാർഥം വെള്ളി രാവിലെ എട്ടിന് പേരാമ്പ്ര ടൗണിൽ വിളംബര റാലിയും 1.30ന് സൈക്കിൾ റാലിയും നടത്തുമെന്നും സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര, പി വി മനോജ് കുമാർ, എൻ കെ സനില എന്നിവർ പങ്കെടുത്തു.


