പെരിഞ്ഞനത്തു വീടു കുത്തിത്തുറന്ന് 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: പെരിഞ്ഞനത്തു വീടു കുത്തിത്തുറന്ന് 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകം പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണ് വന്‍കൊള്ള നടന്നത്. മതിലകം പാലത്തിന്റെ സമീപം താമസിക്കുന്ന മംഗലം പള്ളി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മഴകാരണം വീട്ടിലുളളവര്‍ ബന്ധുവീട്ടിലേക്ക് പോയ സമയം നോക്കിയാണ് കവര്‍ച്ച. മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളടക്കമാണ് കവര്‍ന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 സ്വര്‍ണനാണയങ്ങള്‍, വജ്ര മാല, ഒരു ലക്ഷം രൂപ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. വീട്ടുകാരുമായി പരിചയമുള്ള തമിഴ് യുവാവിനെ ഇന്നലെ മുതല്‍ കാണാനില്ലെന്നാണു സൂചന. ആന്റമാന്‍-നിക്കോബര്‍ ദ്വീപില്‍ വ്യവസായം നടത്തുന്ന അസീസ് 20 ദിവസം മുന്‍പാണ് കുടുംബസമേതം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ബിസിനസ് ആവശ്യത്തിന് അസീസ് ചെെന്നെയില്‍ പോയതോടെ ഭാര്യയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കാറ്റും മഴയും ശക്തമായതോടെ ഇവര്‍ തൊട്ടടുത്തുള്ള അസീസിന്റെ സഹോദരന്‍ ജബ്ബാറിന്റെ വീട്ടിലേക്കു പോയി.

തിരിച്ചെത്തിയപ്പോള്‍ വൈകിയതുകൊണ്ട് അസീസും സഹോദരന്റെ വീട്ടില്‍ തങ്ങി. ഞാറാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ പുറകിലുള്ള വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പ്രളയം വന്നതോടെ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ കേടായിരുന്നു. സി.സി.ടിവി. ക്യാമറയും മോഷ്ടാവ് കൊണ്ടുപോയി. മുറികളിലെയും സെല്‍ഫിന്റെയും താക്കോലുകള്‍ എല്ലാം ഉണ്ടായിരുന്നതു മോഷ്ടാവിന് എളുപ്പമാക്കി. ചെളി പുരണ്ട കാല്‍പ്പാടുകള്‍ മുറ്റത്തെ ഓടില്‍ പതിഞ്ഞിട്ടുണ്ട്.

പോലീസ് നായയും വിരല്‍ അടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ പുഴയുടെ അരുകില്‍ വരെ ഓടി നിന്നു. മതിലകം പുഴയോട് ചേര്‍ന്ന രണ്ടാമത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുത്തുള്ള വീടുകളെല്ലാം അസീസിന്റെ ബന്ധുക്കളുടേതാണ്. ഇരിങ്ങാലക്കുട ഡിെവെ.എസ്.പി. ഫേമസ് വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പി. സുബ്രഹ്മണ്യന്‍, സി.ഐമാരായ ബിജുകുമാര്‍, സുരേഷ്‌കുമാര്‍, എസ്.ഐ മാരായ ജിനേഷ്, മിഥുന്‍, സുശാന്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

