പുലി കെണിയില്‍പ്പെട്ട് ചത്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

വടക്കഞ്ചേരി: മംഗലംഡാം ഓടന്തോട്ടില്‍ പുലി കെണിയില്‍പ്പെട്ട് ചത്ത സംഭവത്തില്‍ സമീപവാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഓടംതോട് നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുരുക്കില്‍പ്പെട്ട് പുലി ചത്തതുമായി ബന്ധപ്പെട്ട് കെണിവച്ച നന്നങ്ങാടി ചന്ദ്രന് (60), ഇയാളുടെ സഹോദരി ഭര്‍ത്താവ് കിട്ടു (59) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24നാണ് പുലി കുടുക്കില്‍ വീണത്.
നന്നങ്ങാടിയില്‍ തൃശൂര്‍ സ്വദേശിയുടെ റബ്ബര്‍ തോട്ടത്തിനും വന ഭൂമിയ്ക്കും ഇടയില്‍ അനധികൃതമായി സ്ഥാപിച്ച കുരുക്കില്‍ പുലി കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരും വെറ്റിനറി ഡോക്ടര്‍മാരും ചേര്‍ന്ന് പുലിയെ മയക്ക് വെടിവച്ച് പിടിച്ചെങ്കിലും പിന്നീട് ചത്തു. മാന്‍, പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളെ പിടിക്കുന്നതിനു വേണ്ടിയാണ് കുടക്ക് വെച്ചതെന്ന് പ്രതികള്‍ വനംവകുപ്പ് അധികൃതരോട് പറഞ്ഞു.

പുലി കുടുങ്ങുന്നതിന്റെ രണ്ടുദിവസം മുമ്ബ് വടക്കഞ്ചേരിയില്‍ നിന്നും ഓട്ടോറിക്ഷയുടെ കേബിള്‍ ഉപയോഗിച്ചാണ് കെണി വെച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ചോദ്യം ചെയ്തിരുന്നു. ആദ്യം വനം വകുപ്പ് സ്ഥലം ഉടമയുടെയും, നോട്ടക്കാരന്റെയും പേരില്‍ കേസെടുത്തിരുന്നു. പ്രതികളെ ഇന്നലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ റെയ്ഞ്ച് ഓഫീസര്‍ എം.ജി. അജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി. രഞ്ജിത്ത്, കെ. രാധാകൃഷ്ണന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, രജീഷ്, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

